കേരളത്തിലെ വയനാട് ജില്ലയിലെ
പ്രശസ്‌തമായ ഒരു ഹൈന്ദവ ക്ഷേത്രമാണ്
തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം. മരിച്ചു
പോയവരുടെ ആത്മശാന്തിക്കായി
നടത്തപ്പെടുന്ന ബലിപൂജകൾക്കാണ് ഈ
ക്ഷേത്രത്തിന് പ്രസിദ്ധി.
കർണാടക അതിർത്തിയിൽ, ബ്രഹ്മഗിരി
മലനിരകളിലെ കമ്പമല, കരിമല, വരഡിഗ
മലകൾ എന്നിവയാൽ ചുറ്റപ്പെട്ട
തിരുനെല്ലി ക്ഷേത്രം സഹ്യമലക്ഷേത്രം,
ബ്രഹ്മഗിരി ക്ഷേത്രം എന്നും
അറിയപ്പെടുന്നു.
ആമലക ക്ഷേത്രമെന്നും ഈ ക്ഷേത്രത്തിനു പേരുണ്ട്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ
പരമാത്മാവായ ഭഗവാൻ മഹാവിഷ്ണുവാണ്. ക്ഷേത്രത്തിന് സമീപമുള്ള ഗുഹയിൽ പരമശിവന്റെ സാന്നിധ്യവുമുണ്ട്.
ഇവിടെ ശിവലിംഗ പ്രതിഷ്ഠ കാണാം. 30 കരിങ്കൽ തൂണുകളാൽ താങ്ങി നിറുത്തിയിരിക്കുന്ന തിരുനെല്ലി ക്ഷേത്രം ഒരു വാസ്തുവിദ്യാ വിസ്മയം ആണ്. ക്ഷേത്രത്തിന്റെ
തറയിൽ വലിയ കരിങ്കൽ പാളികൾ
പാകിയിരിക്കുന്നു.
പുത്തരി, ചുറ്റുവിളക്ക്,
നവരാത്രി, ശിവരാത്രി, കർക്കടകം, തുലാം,
കുംഭം എന്നീ മാസങ്ങളിലെ കറുത്തവാവ്
ബലി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ദിനങ്ങൾ. ക്ഷേത്രത്തിലെ പ്രധാന ഉത്സവം മേടമാസത്തിൽ വിഷുവിളക്കായി നടത്തുന്നു. "ദക്ഷിണകാശി" എന്നും "ദക്ഷിണ ഗയ" എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.