ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങി യു.എ.ഇ; 42000 കോടിയുടെ കണ്ടെയ്നർ ടെർമിനൽ സ്ഥാപിക്കുന്നത് ഈ സംസ്ഥാനത്ത്
ഇന്ത്യയിൽ ചരക്ക് കയറ്റുമതിയിൽ നിക്ഷേപമിറക്കാൻ തയ്യാറെടുത്ത് യു.എ.ഇ. ദുബായ് സർക്കാർ ഉടമസ്ഥതയിലുള്ള ഡി.പി വേൾഡാണ് ഗുജറാത്തിലെ കാണ്ട്ല തുറമുഖത്ത് പുതിയ കണ്ടെയ്നർ ടെർമിനൽ നിർമിക്കാനുള്ള പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. നിലവിൽ ഇന്ത്യയിലെ അഞ്ചോളം വരുന്ന കണ്ടെയ്നർ ടെർമിനലുകളുടെ പ്രവർത്തനം നടത്തുന്ന ഡി.പി വേൾഡിന്റെ ഏറ്റവും പുതിയ സംരംഭമാണിത്.
ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ (ബി.ഒ.ടി)
അടിസ്ഥാനത്തിൽ ടെർമിനൽ
വികസിപ്പിക്കുന്നതിനുള്ള ഡി.പി വേൾഡും സർക്കാർ ഉടമസ്ഥതയിലുള്ള നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടും തമ്മിലുള്ള സംയുക്ത സംരംഭമായ ഹിന്ദുസ്ഥാൻ ഇൻഫ്രാലോഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ പദ്ധതിക്ക് ജൂലൈ 29-ന് ഇന്ത്യൻ സർക്കാരും അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നിക്ഷേപമിറക്കാനുള്ള അന്തിമ നടപടികൾ ആരംഭിച്ചിരിക്കുന്നത്. പുതിയ കണ്ടെയ്നർ ടെർമിനലിനായി 510 മില്യൺ ഡോളർ നിക്ഷേപിക്കാണ് കമ്പനിയുടെ തീരുമാനം. അതായത്ഏകദേശം 4200 കോടി ഇന്ത്യൻ രൂപയുടെ പദ്ധതിക്കാണ് ദുബായ് ഒരുങ്ങുന്നത്.
സ്പെഷ്യലൈസ്ഡ് മൾട്ടിപ്രൊഡക്ട്, ടെമ്പറേച്ചർ കൺട്രോൾഡ് വെയർ ഹൗസുകൾ, അത്യാധുനിക ഡിജിറ്റൽ സുരക്ഷ സംവിധാനങ്ങളുള്ള കണ്ടെയ്നർ യാർഡുകൾ എന്നിവയാണ് പദ്ധതിയിലൂടെ കാണ്ട്ലയിൽ ഒരുങ്ങുന്നത്.
അതേസമയം, 2030-ഓടെ യുഎഇയുടെ ഏറ്റവും വലിയ കയറ്റുമതി കേന്ദ്രമായി ഇന്ത്യ മാറുമെന്നാണ് സ്റ്റാൻഡേർഡ് ചാർട്ട് ജൂണിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്. കിഴക്കൻ ഏഷ്യ, ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ വ്യാപാര ഇടനാഴികളിലൂടെ കടന്നുപോകുന്ന ചരക്കുകളുടെ മൂല്യം 14.4 ട്രില്യൺ ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. 2030-ഓടെ ആഗോള വ്യാപാരത്തിന്റെ 44 ശതമാനം വരുമിത്.
'പുതിയ ടെർമിനൽ വടക്കൻ, പടിഞ്ഞാറൻ, മധ്യ ഇന്ത്യയെ ആഗോള വിപണികളുമായി ബന്ധിപ്പിച്ച് വ്യാപാര അവസരങ്ങൾ പുതുക്കും,- ദീൻദയാൽ തുറമുഖ അതോറിറ്റിയുമായി കരാർ ഒപ്പിട്ട ശേഷം ഡിപി വേൾഡ് ചെയർമാനും സിഇഒയുമായ സുൽത്താൻ അഹമ്മദ് ബിൻ സുലായം പറഞ്ഞു. മാത്രമല്ല 2027 ഓടെ പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനമെന്നും പുതിയ ടെർമിനലിന് 8.19 ദശലക്ഷമാണ് ടി.ഇ.യു ശേഷിയാണ് പ്രതീക്ഷിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.