ട്രിനിഡാഡ്: ഫുട്ബോളിൽ സർവസാധാരണമായ ചുവപ്പ് കാർഡ് അങ്ങനെ ചരിത്രത്തിൽ ആദ്യമായി ക്രിക്കറ്റിലും അവതരിച്ചു. കരീബിയൻ പ്രീമിയർ ലീഗിന്റെ നിലവിലെ സീസണിൽ, സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പാട്രിയോട്സും ട്രിൻബാഗോ നൈറ്റ് റൈഡേഴ്സും തമ്മിൽ നടന്ന മത്സരത്തിലായിരുന്നു ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ചുവപ്പ് കാർഡ് പിറന്നത്. വിൻഡീസ് താരം സുനിൽ നരെയ്നായിരുന്നു ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ചുവപ്പ് കാർഡിന്റെ ഇര.
കുറഞ്ഞ ഓവർ നിരക്കിനുള്ള ശിക്ഷയായാണ് കരീബിയൻ പ്രീമിയർ ലീഗിൽ ചുവപ്പ് കാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പാട്രിയോട്സിനെതിരായ മത്സരത്തിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് പതിനേഴാമത്തെയും പതിനെട്ടാമത്തെയും ഓവറുകൾ പൂർത്തീകരിക്കാൻ അധികം സമയമെടുത്തു. ചുവപ്പ് കാർഡ് നിയമ പ്രകാരം പിന്നീടുള്ള ഓരോ ഓവറുകളിലും ഔട്ടർ സർക്കിളിൽ നിന്നും ഓരോ ഫീൽഡർമാർ ഇന്നർ സർക്കിളിലേക്ക് പിൻവലിക്കപ്പെട്ടു. പത്തൊൻപതാമത്തെ ഓവറും പൂർത്തിയാക്കാൻ വൈകിയതോടെ, അമ്പയർ ചുവപ്പ് കാർഡ് ഉയർത്തുകയായിരുന്നു.ചുവപ്പ് കാർഡ് നിയമ പ്രകാരം ഫീൽഡിംഗ് ക്യാപ്ടൻ ഒരു കളിക്കാരനെ ഗ്രൗണ്ടിൽ നിന്നും പിൻവലിക്കണം. മത്സരത്തിന്റെ തന്റെ 4 ഓവർ ക്വാട്ട പൂർത്തിയാക്കിയ സുനിൽ നരെ ഇതോടെ ടികെആർ ക്യാപ്ടൻ കീറൺ പൊള്ളാർഡ് മൈതാനത്ത് നിന്നും പിൻവലിച്ചു. ഫീൽഡിംഗ് ടീമിന്റെ പത്ത് കളിക്കാർ മാത്രമാണ് അവസാന ഓവറിൽ മൈതാനത്ത് ഉണ്ടായിരുന്നത്.
ചുവപ്പ് കാർഡ് നിയമ പ്രകാരം ക്രിക്കറ്റിൽ കുറഞ്ഞ ഓവർ നിരക്കിന്റെ ശിക്ഷകൾ ഇപ്രകാരമാണ്. പതിനെട്ടാം ഓവറിന്റെ തുടക്കത്തിൽ ബൗളിംഗ് ടീം നിശ്ചിത ഓവർ നിരക്കിൽ നിന്നും പിന്നിലാണെങ്കിൽ ഔട്ടർ സർക്കിളിൽ നിന്നും ഒരു ഫീൽഡറെ പിൻവലിച്ച് ഇന്നർ സർക്കിളിൽ നിർത്തും.
പത്തൊൻപതാം ഓവറിന് മുൻപും ഇത് ആവർത്തിക്കുകയാണെങ്കിൽ ഔട്ടർ സർക്കിളിൽ നിന്നും രണ്ട് ഫീൽഡർമാരെ ഇന്നർ സർക്കിളിൽ നിർത്തും. ഇതോടെ ഔട്ടർ സർക്കിളിൽ നാല് ഫീൽഡർമാർ മാത്രമായിരിക്കും ഉണ്ടാകുക.
അവസാന ഓവറിന്റെ തുടക്കത്തിലും പിഴവ് ആവർത്തിച്ചാലായിരിക്കും ചുവപ്പ് കാർഡ് രംഗത്ത് വരിക. ഇവിടെ ഫീൽഡിംഗ് ടീമിൽ നിന്നും ഒരു കളിക്കാരൻ ഗ്രൗണ്ടിന് പുറത്താകും. ഏത് കളിക്കാരൻ ആണ് പുറത്ത് പോകേണ്ടതെന്ന് ക്യാപ്ടന് തീരുമാനിക്കാം.