ന്യൂഡൽഹി: അതിർത്തി വഴിയുള്ള നുഴഞ്ഞ് കയറ്റങ്ങൾ നടക്കാതെ വന്നതോടെ ഇന്ത്യയിലേക്ക് ഭീകരരെ അയക്കാൻ പുതിയ വഴി തേടി പാക് ഭീകര സംഘടനകൾ. ഇതിനായി ഡാണിന്റെ സഹായം തേടുന്നുവെന്നാണ് റിപ്പോർട്ടുകൾ.
70 കിലോഗ്രാം വരെ ഭാരമുള്ള പേലോഡുകൾ വഹിക്കാൻ ശേഷിയുള്ള ഡ്രോണുകൾ ഉപയോഗിച്ച് നുഴഞ്ഞ് കയറ്റത്തിനാണ് ശ്രമിക്കുന്നത്. ഇതിനുവേണ്ടി പാക് ഭീകര സംഘടനയായ ലഷ്കർ ത്വയ്ബ പാകിസ്താനിൽ നടത്തിയ പരീക്ഷണ വീഡിയോയും ദേശീയ മാദ്ധ്യമം പുറത്ത് വിട്ടിരിക്കുകയാണ്.
ഡോണിന്റെ സഹായത്തോടുകൂടി മനുഷ്യനെ ജലോപരിതലത്തിൽ
ഇറക്കാനാകുമോയെന്നാണ് ലഷ്കർ ത്വയ്ബയുടെ പരീക്ഷണം. ഡോണിൽ തൂങ്ങിക്കിടക്കുന്ന ഒരാളെ ജലോപരിതലത്തിൽ ഇറക്കുന്നതാണ് പുറത്ത് വന്ന വിഡിയോയിലും ഉള്ളത്. പാകിസ്താനിലെ ഷകാർഗറിലുള്ള ലഷ്കറെ പരിശീലന ക്യാംപിൽനിന്നുള്ളതാണ് ഈ വീഡിയോ.
ഏതാനും മാസങ്ങൾക്ക് മുൻപ് ഇത്തരത്തിൽ ഇന്ത്യയിൽ ഡോണിന്റെ സഹായത്തോടെ ലഷ്കറെ ഭീകരൻ അതിർത്തി കടന്ന് എത്തിയതായും റിപ്പോർട്ടുണ്ട്. അതിർത്തി കടന്ന് പഞ്ചാബിലെത്തിയതായി വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇയാൾക്ക് സാമ്പത്തിക സഹായം ലഭിച്ചതായും ഇന്ത്യയിലെത്തി അവിടെ താമസിക്കാനും അതിർത്തിലെ ഭീകരരിൽ നിന്നും ആയുധങ്ങൾ ശേഖരിക്കാൻ നിർദ്ദേശം നൽകിയിരുന്നുവെന്നാണ് വിവരം.
ഡോണിന്റെ സഹായത്തോടെ ആയുധങ്ങളും ലഹരിക്കടത്തും അതിർത്തി എത്തുന്നതായി നിരവധി തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, അതേ മാർഗത്തിലൂടെ ആളുകളെ കടത്തുന്ന തരത്തിലെ റിപ്പോർട്ട് വരുന്നത് ഇതാദ്യമാണ്. പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് ഡാണുകൾ ഉപയോഗപ്പെടുത്തിയുള്ള ആയുധ, ലഹരിക്കടത്ത് സജീവം.