2023 ക്രിക്കറ്റ് ലോകകപ്പ് ട്രോഫി അനാച്ഛാദനം ചെയ്ത് നടി മീന. പാരീസിലാണ് താരം ഐ.സി.സി ട്രോഫി ഔദ്യോഗികമായി ലോഞ്ച് ചെയ്തത്.
ലോകകപ്പിനൊപ്പം മീന ഈഫൽ ടവറിന് താഴെ നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്.
മീനയും തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ലോകകപ്പ് ട്രോഫി ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്ന ആദ്യ ഇന്ത്യൻ അഭിനേതാവ് എന്നതിൽ സന്തോഷമുണ്ടെന്ന് ഈ ചിത്രങ്ങൾ പങ്കുവെച്ച് താരം പറഞ്ഞു.
2023 ക്രിക്കറ്റ് ലോകകപ്പ് ട്രോഫി ഔദ്യോഗികമായി ലോഞ്ച് ചെയ്യുകയും അനാച്ഛാദനം ചെയ്യുകയും ചെയ്യുന്ന ആദ്യ ഇന്ത്യൻ അഭിനേതാവ് എന്ന ബഹുമതിയിൽ അഭിമാനം കൊള്ളുന്നു, മീന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഒക്ടോബർ അഞ്ച് മുതൽ നവംബർ 19 വരെയാണ് 10 ടീമുകൾ മത്സരിക്കുന്ന ഏകദിന ലോകകപ്പ് നടക്കുക. ഇതിന്റെ ഭാഗമായിട്ടാണ് വിവിധ രാജ്യങ്ങളിൽ ലോകകപ്പ് ട്രോഫി അവതരിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ ഗൾഫ് രാജ്യങ്ങളിലും ട്രോഫികൾ അവതരിപ്പിച്ചിരുന്നു.
അതിനിടെ, ലോകകപ്പിന്റെ ഓൺലൈൻ ടിക്കറ്റ് വിൽപന തുടങ്ങിയിട്ടുണ്ട്. പേ.ടി.എം, ബുക്ക്മൈഷോ എന്നിവ വഴി ആരാധകർക്ക് ടിക്കറ്റ് ഇപ്പോൾ ബുക്ക് ചെയ്യാം. ഓൺലൈനായി ടിക്കറ്റ് എടുത്താലും ഫിസിക്കൽ കോപ്പി കാണിച്ചാൽ മാത്രമേ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം, ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയം, ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം, ദൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം, ധർമശാലയിലെ ഹിമാചൽപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ്, ലഖ്നൗവിലെ ഏകനാ സ്റ്റേഡിയം, മുംബൈയിലെ വാംഖഡെ സ്റ്റേഡിയം, പുനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം എന്നീ 10 സ്റ്റേഡിയങ്ങളിലാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സന്നാഹ മത്സരവും നടക്കും.
'