ഇൻഷുറൻസ് മേഖല ലക്ഷ്യമിട്ട് ജിയോ ഫിനാൻഷ്യൽ സർവീസസ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ 46-ാമത് വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ലൈഫ്, ജനറൽ, ഹെൽത്ത് ഉൾപ്പടെ വൈവിധ്യമാർന്ന ഇൻഷുറൻസ് പോളിസികൾ കമ്പനി വാഗ്ദാനം ചെയ്യും. അതിനായി ഡിജിറ്റൽ പ്ലാറ്റ്ഫോം തയ്യാറാക്കും. മ്യൂച്വൽ ഫണ്ട് ബിസിനസ് ലക്ഷ്യമിട്ട് ജെഎഫ്എസും ബ്ലാക്ക്റോക്കുമായുള്ള സംയുക്ത സംരംഭവും അദ്ദേഹം പ്രഖ്യാപിച്ചു.
വിനായക ചതുർഥിയോടനുബന്ധിച്ച് സെപ്റ്റംബർ 19ന് ജിയോ എയർ ഫൈബർ അവതരപ്പിക്കും. ജിയോ ഫൈബറിന് ഇതിനകം ഒരു കോടിയിലേറെ വരിക്കാരായതായും അദ്ദേഹം പറഞ്ഞു. വയർലെസ് ബ്രോഡ് ബാൻഡ് സംവിധാനമായ ജിയോ എയർ ഫൈബർ വഴി പ്രതിദിനം 1.50 ലക്ഷം കണക്ഷനുകൾവരെ നൽകാനാണ് ലക്ഷ്യമിടുന്നത്. സ്മാർട്ട് ഹോം സേവനങ്ങളും ഇതോടൊപ്പം മുകേഷ് അംബാനി പ്രഖ്യാപിച്ചു.
ജിയോയുടെ വരിക്കാരുടെ എണ്ണം 45 കോടി പിന്നിട്ടു. പ്രതിവർഷം 20 ശതമാനമാണ് വർധന. ഡാറ്റ ഉപയോഗത്തിലും വർധനവുണ്ടായി. പ്രതിമാസം ശരാശരി ഉപയോഗം 25 ജി.ബിയിലധികമായി. രാജ്യത്തെ നഗരങ്ങളിൽ 96 ശതമാനം ഇടങ്ങളിലും 5ജി സേവനം ലഭ്യമാണ്. ഈ വർഷം ഡിസംബറോടെ രാജ്യമൊട്ടാകെ 5ജി ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിലയൻസിന്റെ കയറ്റുമതി 33.4 ശതമാനം ഉയർന്ന് 3.4 ലക്ഷം കോടി രൂപയായി. രാജ്യത്തെ കയറ്റുമതിയുടെ 9.3 ശതമാനവും
റിലയൻസിന്റേതാണ്. മറ്റേത് കമ്പനിയെക്കാളും ഉയർന്ന നിക്ഷേപമാണ് റിലയൻസ് രാജ്യത്ത് നടത്തിയിട്ടുള്ളതെന്നും അംബാനി പറഞ്ഞു. 12.50 ലക്ഷം കോടി രൂപയിലേറെയാണ് നിക്ഷേപം. മൊത്തം ജീവനക്കാരുടെ എണ്ണം 3.9 ലക്ഷമായി ഉയർന്നതായും അംബാനി പറഞ്ഞു.