യൂജിൻ: ഡയമണ്ട് ലീഗിലെ ജാവലിൻ ത്രോയിൽ കിരീടം കൈവിട്ട് ഇന്ത്യൻ താരം നീരജ് ചോപ്ര. യൂജിനിൽ ഞായറാഴ്ച്ച പുലർച്ച നടന്ന ഫൈനൽ മത്സരത്തിൽ 83.80 മീറ്റർ എറിഞ്ഞ് രണ്ടാം സ്ഥാനത്തെത്താനേ ഇന്ത്യൻ താരത്തിനായുളളു.
84.24 മീറ്റർ പിന്നിട്ട ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ കിരീടം സ്വന്തമാക്കി. കഴിഞ്ഞ തവണ നീരജ് ചോപ്രയായിരുന്നു ചാമ്പ്യൻ.
ഡയമണ്ട് ലീഗ് സീസണിലെ മോശം പ്രകടനമാണ് ഫൈനൽ പോരാട്ടത്തിൽ നീരജിൽ നിന്നുണ്ടായത്.
ദോഹയിൽ 88.67 മീറ്ററും ലോസെയ്നിൽ 87.66 മീറ്ററും എറിഞ്ഞ് ഒന്നാമനായ നീരജ് സൂറിച്ചിൽ 85.71 മീറ്റർ ദൂരം കണ്ടെത്തി രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
ലീഗുകളിലെ മികച്ച പ്രകടനത്തോടെയാണ് ഫൈനലിന് യോഗ്യത നേടിയത്. ആറ് താരങ്ങൾ മത്സരിച്ച ഫൈനൽ പോരാട്ടത്തിൽ രണ്ടാമത്തെ ശ്രമത്തിലാണ് 83.30 മീറ്റർ
നീരജ് പിന്നിട്ടത്. മൂന്നാമത്തെ ഏറിൽ 81.37 മീറ്ററും അഞ്ചാമത്തെ ശ്രമത്തിൽ 80.74 മീറ്ററും ആറാമത്തെ ശ്രമത്തിൽ 80.90 മീറ്ററുമാണ് നീരജിന് കണ്ടെത്താനായത്. ഒന്നും നാലും ശ്രമങ്ങൾ ഫൗളായി.
വാലെ ആറാമത്തെ ഏറിലാണ് 84.24 മീറ്റർ പിന്നിട്ടത്. ആദ്യ ശ്രമത്തിൽ 84.01 മീറ്റർ എറിഞ്ഞ താരം ലീഡ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ തവണ സൂറിച്ചിൽ 88.44 മീറ്റർ ദൂരം കണ്ടെത്തിയാണ് ആദ്യമായി ഡയമണ്ട് ലീഗ് ഫൈനലിൽ നീരജ് വിജയം കണ്ടത്. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരവുമായി. അന്ന് ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കുബ് വാദ്യെയാണ് പിന്തള്ളിയത്.