അധ്യാപകനും എഴുത്തുകാരനുമായ സി ആർ ഓമനക്കുട്ടൻ അന്തരിച്ചു. 80 വയസ്സായിരുന്നു. രാവിലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചയ്ക്ക് 2.50നായിരുന്നു അന്ത്യം.
'സിനിമാമാസിക,' 'പ്രഭാതം,' 'ഗ്രന്ഥാലോകം' എന്നിവയിൽ പത്രപ്രവർത്തനം നടത്തിയ ഓമനക്കുട്ടൻ, നാലു വർഷത്തോളം കേരള സർക്കാരിന്റെ പബ്ളിക് റിലേഷൻസ് വകുപ്പിൽ ജോലി ചെയ്തു. കേരളത്തിലെ വിവിധ കോളേജുകളിൽ മലയാളം അധ്യാപകനായിരുന്നു. ദീർഘകാലം എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചു.
ഇരുപത്തഞ്ചിലേറെ പുസ്തകങ്ങളും 150-ലേറെ കഥകളും എഴുതിയിട്ടുണ്ട്. നാടകം, സിനിമ, ഹാസസാഹിത്യം തുടങ്ങി ഓമനക്കുട്ടൻ കൈവെയ്ക്കാത്ത മേഖലകൾ ചുരുക്കമാണ്. അടിയന്തരാവസ്ഥക്കാലത്ത് 'ദേശാഭിമാനി' പത്രത്തിൽ പ്രസിദ്ധീകരിച്ച 'ശവം തീനികൾ എന്ന പരമ്പര വലിയ ചർച്ചയായിരുന്നു. പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ട രാജനെക്കുറിച്ചുള്ളതായിരുന്നു പരമ്പര.
കാരൂർ, കോട്ടയം ഭാസി, അഡ്വ. എം എൻ ഗോവിന്ദൻനായർ, ആർട്ടിസ്റ്റ് ശങ്കരൻകുട്ടി എന്നിവരുമായി നല്ല സൗഹൃദം പുലർത്തിയിരുന്നു. എലിസബത്ത് ടെയ്ലർ, മിസ് കുമാരി എന്നിവരുടെ ജീവിതകഥകൾ എഴുതിയ ഓമനക്കുട്ടൻ, പിൽക്കാലത്ത് ഇരുപത്തഞ്ചിലേറെ പുസ്തകങ്ങളും നൂറ്റമ്പതിലേറെ കഥകളും എഴുതി. അദ്ദേഹത്തിന്റെ 'ശ്രീ ഭൂതനാഥവിലാസം നായർ ഹോട്ടൽ' എന്ന കൃതിയ്ക്ക് 2010ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
അടിയന്തരാവസ്ഥയുടെ ഇരുണ്ടകാലവും രാജന്റെ തിരോധാനവും അനാവരണം ചെയ്യുന്ന സി ആറിന്റെ 'ശവംതീനികൾ', 'തെരഞ്ഞെടുത്ത കഥകൾ' എന്നീ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് സെപ്റ്റംബർ രണ്ടിന് നടന്നിരുന്നു. നടൻ മമ്മൂട്ടിയും സലിം കുമാറുമാണ് പുസ്തകങ്ങൾ പ്രകാശിപ്പിച്ചത്.