മംഗളൂരുവിലേക്കെത്തുമ്പോൾ വടക്കൻ മലബാറിന്റെ പ്രതീക്ഷകൾ ഏറെയാണ്. അന്തിമ റൂട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഓണ സമ്മാനമെന്നോണം ലഭിച്ച സർവീസ് കേരളത്തിലേക്ക് തന്നെയാകുമെന്നു യാത്രക്കാർ കരുതുന്നു. രാവിലെ മംഗളൂരുവിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ദേഭാരത് സർവീസ് തുടങ്ങിയാൽ അത് യാത്രക്കാർക്ക് ശരിക്കും ഓണം ബംപറാകും.
നിലവിൽ തിരുവനന്തപുരത്തു നിന്ന് പുലർച്ചെ തുടങ്ങുന്ന സർവീസിന് സമാനമായി മംഗളൂരുവിൽ നിന്ന് എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്ക് പുതിയ വന്ദേഭാരത് തുടങ്ങണമെന്ന ആവശ്യം ശക്തമാണ്. അവശ്യ യാത്രക്കാർക്ക് രാവിലെ 10ന് തന്നെ എറണാകുളത്തെത്താൻ ഇതുവഴി സാധിക്കും. ഹൈക്കോടതി ആവശ്യങ്ങൾക്കു പോകുന്നവർ ഇപ്പോൾ തലേന്നു തന്നെ കൊച്ചിയിലെത്തേണ്ട സാഹചര്യമുണ്ട്. അതിനൊക്കെ മാറ്റം വരാൻ സാധ്യതയുണ്ട്.പരശുറാം എക്സ്പ്രസിന്റെ സമയം അര മണിക്കൂർ വൈകിച്ചാൽ അതു വടക്കൻ കേരളത്തിലെ യാത്രക്കാർക്ക് കൂടുതൽ സഹായകമാകുമെന്നും യാത്രക്കാരുടെ സംഘടനകൾ വിലയിരുത്തുന്നു.
തിരുവനന്തപുരം വരെ സർവീസ് നടത്തിയാൽ ഒരു ഭാഗത്തേക്ക് 9 മണിക്കൂറോളം സമയമെടുക്കും. പിന്നെ തിരിച്ചെത്താനും ആകെ 18-19 മണിക്കൂറെടുക്കും. പിന്നെ അറ്റകുറ്റപ്പണികൾക്കായി ലഭിക്കുന്ന സമയം കുറവാണെന്ന പ്രശ്നം ഉൾപ്പെടെ റെയിൽവേ കണക്കിലെടുക്കും. കോട്ടയം ഒഴിവാക്കി എറണാകുളം - ആലപ്പുഴ വഴി തിരുവനന്തപുരം പോയാൽ നിലവിലെ കാസർകോട് - തിരുവനന്തപുരം ഓടുന്ന സമയത്ത് തന്നെ സർവീസ് പൂർത്തിയാക്കാമെന്നാണു വിലയിരുത്തൽ.
മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പുതിയ വന്ദേഭാരത് എക്സ്പ്രസിന്റെ പ്രതിദിന അറ്റകുറ്റപ്പണികൾക്കായുള്ള പിഡ്ലൈൻ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. ഡിസംബറോടെ പൂർത്തിയാകുമെന്നു കരുതിയ നിർമാണ ജോലികൾ പ്രതീക്ഷിച്ചതിലും വളരെ വേഗത്തിൽ പൂർത്തിയാക്കി. മറ്റു ട്രെയിനുകളിൽ നിന്നു വ്യത്യസ്തമായ ക്രമീകരണങ്ങൾ വന്ദേഭാരതിന് ആവശ്യമുണ്ട്. ദക്ഷിണ റെയിൽവേക്കു കീഴിൽ മംഗളൂരു കൂടാതെ എറണാകുളം, കോയമ്പത്തൂർ, തിരുവനന്തപുരം, മധുര, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ പിറ്റ് ലൈനുകൾ ഒരുക്കിയിട്ടുണ്ട്.