വളരെ ചെറിയ വേഷങ്ങളിൽ തുടങ്ങി സിനിമയിൽ സൂപ്പർ താരങ്ങളായി മാറിയ നിരവധി പേർ ഇന്ത്യൻ സിനിമാ ലോകത്തുണ്ട്. രജനീകാന്ത്, അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ, മമ്മൂട്ടി തുടങ്ങിയവരെല്ലാം ചെറിയ വേഷങ്ങളിൽ തുടങ്ങി സൂപ്പർ താരങ്ങളായി മാറിയ അഭിനേതാക്കളാണ്. ഇവരെല്ലാം തന്നെ സിനിമയിൽ എത്തുന്നതിന് മുമ്പ് മറ്റ് ജോലികൾ ചെയ്തവരുമായിരുന്നു.ഇവരെല്ലാം തന്നെ തങ്ങളുടേതായ ഭാഷകളിൽ ഇന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിൽ മുൻ നിരയിൽ വരുന്നവരുമാണ്. ഇത്തരത്തിൽ തിരിച്ചറിയപ്പെടാൻ പോലും കഴിയാത്ത രീതിയിലുള്ള ചെറിയ വേഷങ്ങളിൽ തുടങ്ങി, ഇന്ന് താരപദവിയിലേക്ക് ഉയർന്ന മറ്റൊരു താരമാണ് മക്കൾ സെൽവം എന്ന് അറിയപ്പെടുന്ന വിജയ് സേതുപതി.വില്ലനായും നായകനായും സഹനടനുമായുമൊക്കെ തിളങ്ങുന്ന വിജയ് സേതുപതി ഷാരൂഖ് ഖാൻ നായകനായ ജവാനിലും ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നുണ്ട്. 19(1)(a), മാർക്കോണി മത്തായി എന്നീ മലയാള ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. ജൂനിയർ ആർട്ടിസ്റ്റായി സിനിമയിലേക്ക് രംഗപ്രവേശനം ചെയ്ത വിജയ് സേതുപതിക്ക് സെയിൽസ്മാനായും ജോലി ചെയ്ത ചരിത്രമുണ്ട്.1978 ജനുവരി 16ന് ജനിച്ച വിജയ് സേതുപതി ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ജന്മനാടായ രാജാപാളയത്ത് നിന്നും ചെന്നൈയിലേക്ക് മാറുന്നത്. സ്കൂളിൽ ശരാശരിയിൽ താഴെ മാത്രം മാർക്കുള്ള വിദ്യാർത്ഥിയായിരുന്നു താൻ, കോടമ്പാക്കത്തെ എംജിആർ ഹയർസെക്കൻഡറി സ്കൂളിലും ലിറ്റിൽ ഏഞ്ചൽസ് സ്കൂളിലും പഠിച്ചിരുന്നതായും താരം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തോറൈപാകത്തെ ധനരാജ് ബൈദ് ജെയിൻ കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദവും നേടി.
ചെറുപ്പം മുതലെ സിനിമാ മോഹിയായിരുന്നു വിജയ് സേതുപതി. 16 വയസ്സുള്ളപ്പോൾ നമ്മവർ (1994) എന്ന ചിത്രത്തിലെ വേഷത്തിനായി താരം ഓഡിഷനിൽ പങ്കെടുത്തെങ്കിലും ഉയരം കുറവായതിനാൽ നിരസിക്കപ്പെട്ടു. ഇക്കാലയളവിൽ തന്നെയാണ് ഒരു റീട്ടെയിൽ സ്റ്റോറിലെ സെയിൽസ്മാൻ, ഫാസ്റ്റ് ഫുഡ് ജോയിന്റിലെ കാഷ്യർ തുടങ്ങി ഒരു ഫോൺ ബൂത്ത് ഓപ്പറേറ്റർ വരെയുള്ള ജോലികളിൽ വിജയ് സേതുപതി ഏർപ്പെട്ടുകൊണ്ടിരുന്നത്.സിനിമാ മോഹം ശക്തമായിരുന്നെങ്കിലും ജോലി തേടി യുഎഇയിലേക്ക് പോയിട്ടുണ്ട് വിജയ് സേതുപതി. ദുബായിൽ മികച്ച രീതിയിലുള്ള ശമ്പളത്തിലായിരുന്നു അദ്ദേഹത്തിന്റെ ജോലി. ഇവിടെ വെച്ചാണ് തന്റെ ഭാര്യ ജെസ്സിയെ ഓൺലൈനിലൂടെ അദ്ദേഹം കണ്ടെത്തുന്നതും. ദുബൈയിലെ ജോലി ഉപേക്ഷിച്ച വിജയ് സേതുപതി ഇന്ത്യയിൽ തിരിച്ചെത്തി ഒരു മാർക്കറ്റിംഗ് കമ്പനിയിൽ ചേർന്നു. പിന്നീട് ചെന്നൈ ആസ്ഥാനമായുള്ള കൂത്ത്-പി-പട്ട എന്ന നാടകസംഘത്തിൽ അക്കൗണ്ടന്റും നടനുമായി ചേരുന്നതോടെയാണ് വീണ്ടും സിനിമാ മോഹങ്ങൾ ശക്തമാവുന്നത്.
തുടക്കം ചെറിയ വേഷങ്ങളിലൂടെയായിരുന്നു. അധികവും ജൂനിയർ ആർട്ടിസ്റ്റായി, ആൾക്കൂട്ടത്തിലൊതുങ്ങി. കൂടാതെ 2006-ൽ പെൻ എന്ന ജനപ്രിയ പരമ്പര ഉൾപ്പെടെ നിരവധി ടെലിവിഷൻ ഷോകളിലും അഭിനയിച്ചു. കാർത്തിക് സുബ്ബരാജിനൊപ്പം നിരവധി ഷോർട്ട് ഫിലിമുകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി, പുതുപ്പേട്ട, ആൾവാർ, വെണ്ണിലാ കബഡി കൂട്ടം തുടങ്ങിയവയായിരുന്നു വിജയ് സേതുപതിയുടെ തുടക്കകാലത്തെ ശ്രദ്ധേയം ചിത്രങ്ങൾ.2012 ലാണ് വിജയ് സേതുപതിയുടെ കരിയറിലെ വഴിത്തിരിവായ മൂന്ന് ചിത്രങ്ങൾ പുറത്തിറങ്ങുന്നത്. സുന്ദരപാണ്ഡ്യൻ, പിസ്സ, നടുവില കൊഞ്ഞം പാക്കത്തെ കാണും എന്നീ ചിത്രങ്ങൾ വിജയമായി മാറിയതോടെ തുടർന്നും നിറയെ വേഷങ്ങൾ നടനെ തേടിയെത്താൻ തുടങ്ങി.
2015-ൽ, വിഗ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രം വിജയ് സേതുപതിയുടെ അന്നുവരേയുള്ള ചിത്രങ്ങളിൽ ഏറ്റവും കളക്ഷൻ നേടിയ സിനിമയായി. ജിഗർതാണ്ട, തിരുടൻ പൊലീസ്, റമ്മി, സൂദ് കാവും, സേതുപതി, സൂപ്പർ ഡീലക്സ്, വിക്രം വേദ, പുരിയാ പുതിർ, ട്രാഫിക് രാമസ്വാമി, 96 തുടങ്ങിയ എണ്ണം പറഞ്ഞ ചിത്രങ്ങൾ താരത്തിന്റേതായി പുറത്ത് വന്നു. പേട്ട, വിക്രം, മാസ്റ്റർ തുടങ്ങിയ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.സൂപ്പർ ഡീലക്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ അവാർഡും താരം നേടി. ഇന്ന് തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് വിജയ് സേതുപതിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഷാരൂഖ് ഖാൻ നായകനായ ജവാനിലെ പ്രതിനായക വേഷത്തിന് 21 കോടി രൂപയാണ് താരം വാങ്ങിയതെന്നാണ് റിപ്പോർട്ട്.
ഒരു കാലത്ത് സെയിൽസ്മാൻ ഉൾപ്പെടേയുള്ള ജോലികൾ ചെയ്ത താരം സ്വന്തം അധ്വാനത്തിലൂടെ ഇന്ന് തന്റെ സാമ്പത്തി ശേഷി 140 കോടി രൂപയുടേതാക്കി ഉയർത്തിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിലയേറിയ നിരവധി കാറുകൾ സ്വന്തമായുള്ള വ്യക്തി കൂടിയാണ് വിജയ് സേതുപതി. ശ്രീറാം രാഘവന്റെ മെറി ക്രിസ്മസ് എന്ന ഹിന്ദി ചിത്രവും വിജയ് സേതുപതിയുടേതായി പുറത്തിറങ്ങാനുണ്ട്. കത്രീന കൈഫുമായി താരം ആദ്യമായി സഹകരിക്കുന്ന ചിത്രം കൂടിയാണിത്