മുംബൈ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം സംബന്ധിച്ച് അന്തിമ തീരുമാനമായതായി റിപ്പോർട്ട്.
പാക്കിസ്ഥാനെതിരായ ഏഷ്യാ കപ്പ് മത്സരത്തിനു ശേഷം ബിസിസിഐ സിലക്ഷൻ കമ്മിറ്റി തലവൻ അജിത് അഗാർക്കർ ശ്രീലങ്കയിലെത്തി ടീം മാനേജ്മെന്റുമായി ചർച്ച നടത്തിയിരുന്നു. ഏഷ്യാകപ്പ് ടീമിൽനിന്ന് വലിയ മാറ്റങ്ങളില്ലാതെ 15 അംഗ ടീമിനെ പ്രഖ്യാപിക്കാനാണു ബിസിസിഐയുടെ നീക്കം.
മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ ലോകകപ്പ് ടീമിലേക്കും പരിഗണിക്കില്ല. അതേസമയം പരുക്കിന്റെ പിടിയിലുള്ള കെ.എൽ. രാഹുലിനെ വിക്കറ്റ് കീപ്പറായി ലോകകപ്പ് ടീമിലെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. പാക്കിസ്ഥാനെതിരെ തകർപ്പൻ ബാറ്റിങ് പ്രകടനം പുറത്തെടുത്ത ഇഷാൻ കിഷനെയും ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തി. 17 അംഗ ഏഷ്യാ കപ്പ് സ്ക്വാഡിൽ കെ.എൽ. രാഹുൽ ഉണ്ടെങ്കിലും, ആദ്യ രണ്ടു മത്സരങ്ങൾ കളിക്കുന്നില്ല.താരത്തിന്റെ പരുക്കിൽ ആശങ്കകൾ ഉള്ളതിനാൽ ഇന്ത്യൻ ടീമിനൊപ്പം രാഹുൽ ശ്രീലങ്കയിലേക്കു പോയിട്ടില്ല. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് രാഹുൽ പരിശീലനം നടത്തുന്നത്. ഏഷ്യാ കപ്പ് ടീമിലുള്ള യുവതാരം തിലക് വർമ, പേസർ പ്രസിദ്ധ് കൃഷ്ണ എന്നിവർക്കും ലോകകപ്പ് ടീമിൽ ഇടം ലഭിക്കില്ല.
പരുക്കിനു ശേഷം മടങ്ങിയെത്തുന്ന ജീത് ബുമ, ശ്രേയസ് അയ്യർ എന്നിവരെയും ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏഷ്യാ കപ്പിൽ കളിക്കാതിരിക്കുന്ന സ്പിന്നർ യുവേന്ദ്ര ചെഹൽ ലോകകപ്പ് ടീമിലും ഉണ്ടാകില്ല. കുൽദീപ് യാദവ് തന്നെയാകും ലോകകപ്പിലും ടീമിലെ പ്രധാന സ്പിന്നർ. അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവരും സ്പിന്നർമാരായി ടീമിലുണ്ടാകും.