ഡൽഹി ദ്വാരകയിലെ ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സ്പോ സെന്ററിന്റെ (ഐഐസിസി ആദ്യ ഘട്ടമായ 'യശോഭൂമി' പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനത്തിന് പിന്നാലെ കൺവെൻഷൻ സെന്ററിൽ 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യങ്ങൾ ഉയർന്നു കേട്ടു. ഡൽഹി മെട്രോയിലാണ് അദ്ദേഹം കൺവൻഷൻ സെന്ററിലേക്ക് യാത്ര ചെയ്തത്. മെട്രോയിലെ
യാത്രക്കാരുമായി അദ്ദേഹം സംവദിക്കുകയും ചെയ്തിരുന്നു.
ദ്വാരക സെക്ടർ 21 ൽ നിന്ന് പുതിയ മെട്രോ സ്റ്റേഷനായ 'യശോഭൂമി ദ്വാരക സെക്ടർ 25 വരെയുളള ഡൽഹി എയർപോർട്ട് മെട്രോ എക്സ്പ്രസ് ലൈനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ദ്വാരക സെക്ടർ 25 ലെ പുതിയ മെട്രോ സ്റ്റേഷന്റെ ഉദ്ഘാടനത്തോടെ യശോഭൂമി, ഡൽഹി എയർപോർട്ട് മെട്രോ എക്സ്പ്രസ് ലൈനുമായി ബന്ധിപ്പിക്കും.
8.9 ലക്ഷം ചതുരശ്ര മീറ്ററിലധികം പ്രോജക്ട് ഏരിയയും 1.8 ലക്ഷം ചതുരശ്ര മീറ്ററിൽ കൂടുതൽ ബിൽട്-അപ്പ് ഏരിയയുമുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ കൺവെൻഷൻ സൗകര്യങ്ങളിൽ ഒന്നായി യശോഭൂമി മാറും.
73,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ നിർമ്മിച്ചിരിക്കുന്ന കൺവെൻഷൻ സെന്ററിൽ 15 കൺവെൻഷൻ റൂമുകൾ, പ്രധാന ഓഡിറ്റോറിയം, ഒരു ബോൾറൂം, 11,000 പ്രതിനിധികളെ ഉൾക്കൊള്ളാൻ കഴിയുന്ന 13 മീറ്റിംഗ് റൂമുകൾ എന്നിവ ഉൾപ്പെടുന്നു. കൺവെൻഷൻ സെന്ററിന്റെ പ്രധാന ഓഡിറ്റോറിയത്തിൽ ഏകദേശം 6,000 അതിഥികൾക്ക് ഇരിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
നൂതനമായ ഓട്ടോമേറ്റഡ് ഇരിപ്പിട സംവിധാനവും ഇതിലുണ്ട്.