ന്യൂഡൽഹി | ഗ്രൂപ്പ് ഓഫ് ട്വന്റി (ജി20)
ഉച്ചകോടി നാളെ (സെപ്തം: ഒമ്പത്) ന്യൂഡൽഹിയിൽ ആരംഭിക്കും. 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന പ്രമേയത്തിന് കീഴിലാണ് ഈ വർഷത്തെ പരിപാടികൾ ക്രമീകരിച്ചതെന്ന് ജി20 പ്രസിസൻസി പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വർഷം മുഴുവനും മന്ത്രിതല യോഗങ്ങളിൽ ചർച്ചകൾ കേന്ദ്രീകരിച്ച ശേഷമാണ് നേതാക്കളുടെ ഉച്ചകോടിക്ക് അരങ്ങൊരുങ്ങുന്നത്.
സാമ്പത്തിക വളർച്ച, സ്ഥിരത, വികസന ആവശ്യങ്ങൾ എന്നിവയിൽ ഊന്നിയുള്ളതാണ് ചർച്ചകളും പരിപാടികളും. ജി20 സാമ്പത്തിക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ഷേർപ അമിതാബ് കാന്ത് പറഞ്ഞു.
ഉച്ചകോടിക്കായി കൂടുതൽ പ്രതിനിധി സംഘത്തലവന്മാർ ന്യൂഡൽഹിയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെയും ചൈനീസ് നേതാവ് ഷി ജിൻപിംഗിന്റെയും അഭാവം ഉച്ചകോടിയിൽ പ്രകടമാകും. യുക്രൈൻ യുദ്ധത്തെ അപലപിക്കുന്ന സംയുക്ത പ്രസ്താവന വേണമെന്ന യൂറോപ്യൻ യൂണിയൻ ആവശ്യംപരിഗണിക്കാൻ ഇടയില്ല. ഇത്തരം വിഷയങ്ങൾ യു എൻ പോലുള്ള വേദികളിലാണ് ചർച്ച ചെയ്യേണ്ടതെന്നും ജി 20 സാമ്പത്തിക വിഷയങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന വേദിയാവണമെന്നുമാണ് ഇന്ത്യ വ്യക്തമാക്കുന്നത്.വികസ്വര രാജ്യങ്ങൾക്ക് പ്രയോജനകരമായ ഫലങ്ങൾ ഉൾപ്പെടെ, ഉച്ചകോടിയിൽ ഇന്ത്യയുടെ സമീപനം വ്യക്തമായ ചില ഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന സൂചന.വികസ്വര രാജ്യങ്ങൾക്ക് പ്രയോജനകരമായ ഫലങ്ങൾ ഉൾപ്പെടെ, ഉച്ചകോടിയിൽ ഇന്ത്യയുടെ സമീപനം വ്യക്തമായ ചില ഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന സൂചന.
ഉച്ചകോടിക്ക് മുന്നോടിയായുള്ള ജി20 മന്ത്രിതല ചർച്ചകളിൽ ആഗോള രാജ്യങ്ങളെ സംബന്ധിച്ച പ്രധാനപ്പെട്ട നിരവധി വിഷയങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ടെന്ന് പ്രസിഡൻസി പ്രതിനിധികൾ വ്യക്തമാക്കി. ആഗോള ധനകാര്യ സ്ഥാപനങ്ങളുടെ പരിഷ്കരണം, പരമാധികാര കടത്തിന്റെ പുനഃക്രമീകരണം, കാലാവസ്ഥാ ധനസഹായം എന്നിവ ഇതിൽ ഉൾപ്പെടുന്നു.ആഫ്രിക്കൻ യൂണിയന്റെ ജി20 അംഗത്വം ഇത്തവണത്തെ ഉച്ചകോടിയുടെ പ്രധാന ചർച്ചയാവാനാണ് സാധ്യത. ഇന്ത്യ ജി20 അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം, ഗ്ലോബൽ സൗത്തിന്റെ ഭൂരിഭാഗവും ജി 20 യിൽ ഇല്ലെന്ന് ഇന്ത്യൻ നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. സമ്പൂർണ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി 55 ആഫ്രിക്കൻ രാജ്യങ്ങൾ അടങ്ങുന്ന ആഫ്രിക്കൻ യൂണിയനെ അംഗമാക്കാൻ ഇന്ത്യ നിർദേശിച്ചു. യു എസ് പ്രസിഡന്റ് ജോ ബൈഡനും ജർമൻ ചാൻസലർ ഒലാഫ് ഷോൾസും ഇതിന് പിന്തുണ അറിയിച്ചതിനാൽ ഇത് ഉച്ചകോടിയിൽ യാഥാർഥ്യമാകും.
ജി20 യെ കൂടുതൽ വിപുലീകരിക്കാനും വികസ്വര രാജ്യങ്ങൾക്ക് അവരുടെ ആശങ്കകൾ നേരിട്ട് ഉന്നയിക്കാൻ കഴിയുന്ന ഒരു ഫോറമായും ഇത് മാറും. അതേസമയം, പുതിയ അംഗങ്ങളെ ചേർക്കുന്നതോടെ കൂടുതൽ ആവശ്യങ്ങൾ ഉയരാനും ഘടനയിൽ വൈപുല്യം വരുന്നത് എങ്ങിനെ ഭാവി പ്രവർത്തനത്തെ ബാധിക്കുമെന്നതും അംഗങ്ങൾക്കിടയിൽ ചർച്ചയാകും.ബഹുമുഖ വികസന ബേങ്കുകളോട് കാലാവസ്ഥാ വ്യതിയാന ധനസഹായം അവരുടെ പ്രധാന ദൗത്യങ്ങളിൽ ഉൾപ്പെടുത്താനും അത്തരം ആവശ്യങ്ങൾക്കായി അവരുടെ വായ്പ വർധിപ്പിക്കാനും ഈ വർഷത്തെ ഉച്ചകോടി ആവശ്യപ്പെടും.