നിപയിൽ തുടർച്ചയായ രണ്ടാം ദിവസവും ആശ്വാസം. 42 പരിശോധനാഫലങ്ങൾ കൂടി നെഗറ്റീവായി.
അതിനിടെ നിയന്ത്രണങ്ങൾ ലംഘിച്ച് കോഴിക്കോട് എൻഐടിയിൽ ക്ലാസുകളും പരീക്ഷകളും നടത്തുന്നതിനെതിരെ വിദ്യാർഥികൾ രംഗത്തെത്തി.
വിഷയം ജില്ലാകല്കടറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു. തിരുവനന്തപുരത്ത് നിപ സംശയത്തെതുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞ ഒരു വിദ്യാർഥിയുടെ പരിശോധനാഫലം നെഗറ്റീവാണ്.
അയച്ച 51 സാംപിളുകളിൽ 42 എണ്ണമാണ് നെഗറ്റീവായത്. ഹൈറിസ്ക് സമ്പർക്കപ്പട്ടികയിൽ പെട്ട 23 പേരുടെ പരിശോധനാഫലങ്ങളും ഇതിൽ ഉൾപ്പെടുന്നു. സമ്പർക്കത്തിലുള്ളവരെ കണ്ടെത്താൻ പൊലിസിന്റെ സഹായം തേടാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു.
നിപ നിയന്ത്രണങ്ങൾ വകവെയ്ക്കാതെ ക്ലാസുകളും പരീക്ഷകളും നടത്തുകയാണ് കോഴിക്കോട് എൻഐടി. സർക്കാർ നിർദേശം കാറ്റിൽ പറത്തിയുള്ള നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ രംഗത്തെത്തി.
വിഷയം പരിശോധിക്കാമെന്നും ജില്ലാ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. തിരുവനന്തപുരത്ത് നിപ സംശയത്തെ തുടർന്ന് നിരക്ഷീണത്തിൽ കഴിഞ്ഞിരുന്ന ഒരു വിദ്യാർഥിയുടെ ഫലം നെഗറ്റീവാണ്. കാട്ടാക്കട സ്വദേശിനിയുടെ പരിശോധനാഫലം ഇന്ന് പുറത്ത് വരും.