മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് രാജ്യത്ത് പണപ്പെരുപ്പമിപ്പോൾ. കടുത്ത സാമ്പത്തിക അസ്ഥിരതയാണ് അർജന്റീന അഭിമുഖീകരിക്കുന്നത്.
കഴിഞ്ഞ 12 മാസത്തിനിടയിൽ 124 ശതമാനം വിലക്കയറ്റമാണ് രാജ്യത്തുണ്ടായത്.
സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചടുത്തോളം കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും മോശമായ മാസമാണ് ആഗസ്റ്റെന്ന് ധനകാര്യമന്ത്രി സെർജിയോ മാസ പറഞ്ഞു.
അർജന്റീനയിൽ പണപ്പെരുപ്പം ഉയരുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.
ഐ.എം.എഫിൽ നിന്നും 44 ബില്യൺ ഡോളർ വായ്പ ലഭിക്കുന്നതിനായി അർജന്റീന കറൻസിയായ പെസോയുടെ മൂല്യം കുറച്ചത് രാജ്യത്ത് പണപ്പെരുപ്പം ഉയരുന്നതിന് കാരണമായിരുന്നു.
ഇതിന് മുമ്പ് 2002 ഏപ്രിലിലാണ് പണപ്പെരുപ്പം ഇരട്ടയക്കം കടന്നത്. അന്ന് 10.2 ശതമാനമായിരുന്നു പണപ്പെരുപ്പം. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പണപ്പെരുപ്പമുണ്ടായത് 1991 ഫെബ്രുവരിയിലാണ്.
27 ശതമാനമാണ് അന്നുണ്ടായ പണപ്പെരുപ്പം.അർജന്റീനയിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ 15.6 ശതമാനം വർധനയാണുണ്ടായത്. പണപ്പെരുപ്പം ഉയർന്നതോടെ ദൈനംദിന ചെലവുകൾക്ക് പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് അർജന്റീനയിലെ ജനങ്ങളെന്നാണ് റിപ്പോർട്ടുകൾ.