ഏഷ്യാകപ്പിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ ആധികാരിക വിജയം നേടിയപ്പോൾ തകർന്നുവീണത് ഒരു കൂട്ടം റെക്കോർഡുകൾ കൂടിയാണ്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 50 റൺസിന് ഇന്ത്യ ചുരുട്ടിക്കെട്ടി. 51 റൺസ് ലക്ഷ്യത്തിലേക്ക് 6.1 ഓവറിൽ കുതിച്ചെത്തി പത്ത് വിക്കറ്റ് വിജയവും സ്വന്തമാക്കി. ആറു വിക്കറ്റുകൾ വീഴ്ത്തിയ പേസർ മുഹമ്മദ് സിറാജാണ് ശ്രീലങ്കൻ ബാറ്റിങ് നിരയെ തകർത്തത്.7. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ചെറിയ ഏഴാമത്തെ ടോട്ടലാണ് ഇന്നലെ ശ്രീലങ്ക സ്വന്തം പേരിൽ കുറിച്ചത്. 2004ൽ ശ്രീലങ്കയ്ക്കെതിരെ സിംബാബ്വെ 35 റൺസിൽ പുറത്തായതാണ് ഏറ്റവും ചെറിയ ഏകദിന ടോട്ടൽ. 2020ൽ നേപ്പാളിനെതിരെ യുഎസും 35 റൺസിൽ ഓൾഔട്ട് ആയിരുന്നു.
20 ശ്രീലങ്കയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ ഏകദിന ടോട്ടലാണിത്. 2012ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ശ്രീലങ്ക 43 റൺസിന് പുറത്തായിരുന്നു.
10 ലങ്കൻ ഇന്നിങ്സിലെ 10 വിക്കറ്റും വീഴ്ത്തിയത് പേസ് ബോളർമാരാണ്. ഇതാദ്യമായാണ് ഇന്ത്യൻ പേസർമാർ ഒരു ഏഷ്യാ കപ്പ് മത്സരത്തിൽ 10 വിക്കറ്റും നേടുന്നത്.
ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ ഒരു ടീം നേടുന്ന ഏറ്റവും ചെറിയ സ്കോർ (50) എന്ന റെക്കോർഡ് ഇന്നലെ ലങ്കയുടെ പേരിലായി.
8. ഇന്ത്യയുടെ എട്ടാം ഏഷ്യാ കപ്പ് കിരീടമാണിത്. 2018ലായിരുന്നു അവസാനമായി ഇന്ത്യ ഏഷ്യാ കപ്പ് ജയിച്ചത്. 6 തവണ കിരീടം നേടിയ ശ്രീലങ്കയാണ് രണ്ടാം സ്ഥാനത്ത്.• ഏകദിന കരിയറിൽ ഇന്നലെ മുഹമ്മദ് സിറാജ് 50 വിക്കറ്റ് തികച്ചു. ഏറ്റവും കുറഞ്ഞ പന്തുകളിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ബോളറായി സിറാജ് മാറി. 1002 പന്തുകളിലാണ് സിറാജിന്റെ നേട്ടം. 847 പന്തിൽ 50 വിക്കറ്റ് തികച്ച ലങ്കൻ സ്പിന്നർ അജന്ത മെൻഡിസാണ് ഒന്നാമത്.
4 ഒരു ഓവറിൽ 4 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ ബോളർ എന്ന റെക്കോർഡും സിറാജ് ഇന്നലെ സ്വന്തം പേരിലാക്കി. മത്സരത്തിന്റെ നാലാം ഓവറിലായിരുന്നു സിറാജിന്റെ 4 വിക്കറ്റ് നേട്ടം.
66 വിക്കറ്റ് നഷ്ടപ്പെടുമ്പോൾ ഒരു ടീം നേടുന്ന ഏറ്റവും ചെറിയ സ്കോറാണ് ഇന്നലെ ശ്രീലങ്കയുടെ പേരിൽ കുറിക്കപ്പെട്ടത്. 5.4 ഓവറിൽ 6ന് 12 എന്ന നിലയിലായിരുന്നു ലങ്ക.
16. 16 പന്തുകൾ മാത്രമാണ് 5 വിക്കറ്റ് നേട്ടത്തിനായി സിറാജിന് എറിയേണ്ടിവന്നത്
16. 16 പന്തുകൾ മാത്രമാണ് 5 വിക്കറ്റ് നേട്ടത്തിനായി സിറാജിന് എറിയേണ്ടിവന്നത്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ 5 വിക്കറ്റ് സ്വന്തമാക്കുന്ന ബോളറായി സിറാജ് മാറി.
263 പന്തുകൾ ശേഷിക്കെയാണ് ഇന്ത്യ ഇന്നലെ മത്സരം ജയിച്ചത്. ബാക്കിയുള്ള പന്തുകളുടെ എണ്ണം കണക്കാക്കിയാൽ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്.