ഇന്ത്യയുടെ അഭിമാനം ഒരിക്കൽ കൂടെ ഉയർത്തി മനീഷ കല്യാൺ. അന്താരാഷ്ട്ര ഫുട്ബോൾ വേദിയിൽ നേരത്തെ തന്നെ ഇന്ത്യയുടെ പേര് ഉയർത്തിയിട്ടുള്ള മനീഷ ഇന്ന് യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിൽ സ്കോർ ചെയ്യുന്ന ആദ്യ ഇന്ത്യൻ താരമായി മാറി.
സൈപ്രസ് ക്ലബായ അപ്പോളോൺ ലേഡീസ് എഫ്സിക്ക് വേണ്ടി ഇന്ന് ചാമ്പ്യൻസ് ലീഗിൽ ഇറങ്ങിയ മനീഷ കല്യാൺ 71-ാം മിനിറ്റിൽ ആണ് ഗോൾ നേടിയത്. ഒരു അപ്രതീക്ഷിത സ്ട്രൈക്കിലൂടെ മനീഷ ഗോൾ കീപ്പറെ തന്നെ ഞെട്ടിച്ചു കൊണ്ടാണ് ഗോൾ നേടിയത്.മത്സരത്തിൽ ഡബ്ല്യുഎഫ്സി സമേഗെലോയ്ക്കെതിരെ 3-0ന്റെ വിജയം അപ്പോളോൺ നേടി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമായി മനീഷ മാറിയിരുന്നു. മുൻ ഗോകുലം താരം കഴിഞ്ഞ വർഷം ആയിരുന്നു പ്രസിലെ ചാമ്പ്യന്മാരായ ക്ലബ് അപ്പോളോൺ ലേഡീസിൽ എത്തിയത്. Wingmen Sports ഏജൻസി ആയിരുന്നു മനീഷയുടെയും ഇന്ത്യൻ ഫുട്ബോളിന്റെയും ഈ സ്വപന നീക്കം അന്ന് യാഥാർത്ഥ്യമാക്കിയത്.
ഇന്നത്തെ ജയത്തോടെ മനീഷയുടെ ക്ലബ് യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് യോഗ്യത റൗണ്ടിന്റെ രണ്ടാം റൗണ്ടിലേക്ക് എത്തി.
മനീഷയ്ക്ക് അപ്പോളോൺ ലേഡീസിൽ ഈ വർഷം അവസാനം വരെയുള്ള കരാർ ഉണ്ട്. അപ്പോളോണിലേക്ക് പോകുന്നതിന് മുമ്പ് ഉള്ള മൂന്ന് സീസണുകളിലും ഗോകുലം വനിതാ ടീമിലെ പ്രധാനതാരമായിരുന്നു മനീഷ കല്യാൺ. ഇരുപത്ത് ഒന്നുകാരിയായ താരം ഗോകുലം കേരളയ്ക്ക് ഒപ്പം രണ്ട് ഇന്ത്യൻ വനിതാ ലീഗ് കിരീടം നേടിയിട്ടുണ്ട്.എ എഫ് സി ക്ലബ് ചാമ്പ്യൻഷിപ്പിലും ഗോകുലത്തിനായി മനീഷ കളിച്ചിട്ടുണ്ട്. മനീഷ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെയുംപ്രധാന താരമാണ്. ബ്രസീലിന് എതിരെ ഉൾപ്പെടെ മനീഷ ഗോൾ അടിച്ചിട്ടുണ്ട്. മുമ്പ് സേതു എഫ് സിയിലും മനീഷ കളിച്ചിട്ടുണ്ട്.