തിരുവനന്തപുരം: ഗതാഗത നിയമം ലംഘിക്കുന്നവരെ കണ്ടെത്താനെന്ന പേരിൽ 400 കോടി ചെലവിൽ ഡ്രോൺ ക്യാമറകൾ വാങ്ങിക്കൂട്ടാൻ മോട്ടോർ വാഹനവകുപ്പ് നടത്തിയ നീക്കം പാളി. ഇപ്പോഴത്തെ അവസ്ഥയിൽ പദ്ധതിയുമായി മുന്നോട്ടു പോയാൽ സർക്കാരിന് തിരിച്ചടിയാകുമെന്നു കണ്ട് ഗതാഗത മന്ത്രി ആന്റണി രാജു ഇടപെട്ട് തടയുകയായാരുന്നു.
രഹസ്യ സ്വഭാവത്തോടെ മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിലെ വിവരങ്ങൾ കേരളകൗമുദി പുറത്ത് കൊണ്ടു വന്നിരുന്നു. പാതയോരങ്ങളിൽ എ.ഐ ക്യാമറകൾ സ്ഥാപിച്ചതിനു പിന്നാലെ, ഡ്രോൺ ക്യാമറകളിലൂടെ പറത്തി നിയമ ലംഘനം പിടിക്കാനായിരുന്നു പുതിയ പദ്ധതി . 232.25 കോടി രൂപ ചെലവിൽ 726 എ.ഐ ക്യാമറകൾ സ്ഥാപിച്ചതു സംബന്ധിച്ച അഴിമതി ആരോപണം കത്തി നിൽക്കുന്നതിനിടെയാണിത്.
എ.ഐ ക്യാമറ പദ്ധതി നടത്തിപ്പിൽ കെൽട്രോണിനെ പദ്ധതി ഏൽപ്പിക്കുകയും കെൽട്രോൺ ഉപകരാർ നൽകുകയും ചെയ്തതാണ് വിവാദമായത്. മറു കരാറുകൾ കൂടി വന്നതോടെ ചെലവ് കൂടി പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണം മുഖ്യമന്ത്രിയുടെ
മകന്റെ ഭാര്യാ പിതാവിലേക്കും എത്തി. പുതിയ പദ്ധതിക്ക് എ.ഐ ക്യാമറകളുള്ല ഡ്രോൺ ഒന്നിന് 2 കോടി രൂപ വരെ ചെലവു വരുമെന്നും ഇത്തരത്തിൽ 200 ക്യാമറകൾ വാങ്ങണമെന്നും കാണിച്ചാണ് എം.വി.ഡി റിപ്പോർട്ട് തയ്യാറാക്കിയത്. നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന 4ജി റോബോട്ടിക് ഡ്രോൺ ക്യാമറ ഒന്നിന് 1.55 ലക്ഷം രൂപ നിരക്കിൽ
ലഭ്യമാണെന്നിരിക്കെയാണിത്.
പദ്ധതി ഇങ്ങനെ
ആദ്യ ഘട്ടത്തിൽ 70, രണ്ടാമത് 70, പിന്നെ 60 എന്നിങ്ങനെ ക്യാമറ വാങ്ങണം
ഡ്രോൺ പറത്തി പെറ്റി ചുമത്തേണ്ട ചുമതല എൻഫോഴ്സ്മെന്റ് സ്ക്വാഡിന്
"സർക്കാരിന്റെ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്ന പദ്ധതി നടപ്പിലാക്കില്ല.
സാദ്ധ്യത പരിശോധിച്ചതേയുള്ളൂ"