'
ദളപതി വിജയിയുടേതായി റിലീസിന് കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം എന്നതാണ് ലിയോയുടെ യുഎസ്പി. സൂപ്പർതാരവും സൂപ്പർ സംവിധായകനും ഒന്നിക്കുമ്പോൾ ഹിറ്റിൽ കുറഞ്ഞതൊന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നില്ല. ഈ വർഷം തമിഴ്നാട് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിയോയുമായി ബന്ധപ്പെട്ടൊരു അപ്ഡേറ്റ് ഇപ്പോൾ ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്.
തമിഴ്നാട്ടിൽ അതിരാവിലെ ഉള്ള ഫാൻസ് ഷോ കാണില്ലെന്ന് അധികൃതർ അറിയിച്ചതായി ഒടിടി പ്ലെ റിപ്പോർട്ട് ചെയ്യുന്നു. പൊതുവിൽ പുലർച്ചെ 4 മണിക്കാണ് ഫാൻസ് ഷോകൾ നടക്കുന്നത്. എല്ലാ സൂപ്പർതാര ചിത്രങ്ങൾക്കും ഇത്തരം ഫാൻസ് ഷോകൾ തമിഴ്നാട്ടിൽ സംഘടിപ്പിക്കുമായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഈ ഷോകൾ സർക്കാർ നിർത്തിവച്ചിരിക്കുകയാണ്.
ഈ വർഷം ആദ്യം പുറത്തിറങ്ങിയ അജിത്ത് ചിത്രം തുനിവ് ഷോയ്ക്കിടെ ഒരു ആരാധകൻ മരിച്ചിരുന്നു. പുലർച്ചെയുള്ള ഷോയ്ക്കിടെ ആയിരുന്നു ഇത്. ഈ സംഭവത്തോടെയാണ് അതിരാവിലെയുള്ള ഫാൻസ് ഷോകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാരിനെ പ്രേരിപ്പിച്ചത്. അതേസമയം കേരളത്തിൽ പുലർച്ചെ 4മണിക്കുള്ള ഷോകൾ ഉണ്ടായിരിക്കും. ഇതുകാരണം കേരള- തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ ഉള്ളവര്‍ കേരളത്തിലേക്ക് ഷോ കാണാന്‍ ടിക്കറ്റുകള്‍ എടുക്കുന്നുവെന്നാണ് വിവരം.
ഒക്ടോബർ 19നാണ് ലിയോ തിയറ്ററിൽ എത്തുന്നത്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം തൃഷയും വിജയിയും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. മലയാളത്തിൽ നിന്നും മാത്യു, ബാബു ആന്റണി എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. അർജുൻ സർജ, സഞ്ജയ് ദത്ത്, അർജുൻ ദാസ്, മണ്‍സൂര്‍ അലി ഖാന്‍ തുടങ്ങിയവരും ലിയോയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കെജിഎഫ്, പൊന്നിയിൻ സെൽവൻ, ആർആർആർ: വിനായകൻ വിട്ടുകളഞ്ഞ സിനിമകൾ, അമ്പരന്ന് മലയാളികൾ
കമൽഹാസൻ നായകനായി എത്തിയ വിക്രം എന്ന ചിത്രത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്. ലളിത് കുമാർ ആണ് നിർമിക്കുന്നത്. ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള ശ്രീ ഗോകുലം മൂവിസിനാണ് കേരളത്തിന്റെ വിതരണാവകാശം. അതേസമയം, കേരളത്തിൽ 24 മണിക്കൂർ നീണ്ടുനിൽക്കുന്ന മാരത്തോൺ ഷോകൾ ആദ്യദിനം ഉണ്ടായിരിക്കുമെന്നാണ് വിവരം