കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. ഇന്നലെ മരിച്ച ആളുടെ പരിശോധനഫലം പോസിറ്റീവ് ആണ്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചു. കേന്ദ്രസംഘം കേരളത്തിലേക്ക് എത്തും. രോഗബാധിതരുമായി സമ്പർക്കം പുലർത്തി രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലുള്ള നാല് പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കേണ്ടതുണ്ട്.അതേസമയം നിപ സംശയം ഉയർന്നപ്പോൾ തന്നെ കോഴിക്കോട് ജില്ലയിൽ ആരോഗ്യ
വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. മരുതോങ്കര, തിരുവള്ളൂർ പ്രദേശവാസികളാണ് നിപ ബാധിച്ച് മരിച്ചത്. മരിച്ചതിൽ ഒരാൾക്ക് 49 വയസും ഒരാൾക്ക് 40 വയസുമാണ് എന്നാണ് റിപ്പോർട്ട്. ഒരാൾ ഓഗസ്റ്റ് 30-നും രണ്ടാമത്തെയാൾ തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയുമാണ് മരണപ്പെടുന്നത്.
മരുതോങ്കര സ്വദേശിയാണ് ആദ്യം മരിച്ചത്. ഇയാളുടെ നാലും ഒൻപതും വയസുള്ള രണ്ട് മക്കളും ഒരു ബന്ധുവും ചികിത്സയിലാണ്. മക്കളുടെ ആരോഗ്യസ്ഥിതി ഗുരുതരമാണ് എന്നാണ് വിവരം. നിലവിൽ 75 പേരുടെ സമ്പർക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരെല്ലാം പ്രാഥമിക സമ്പർക്കമാണ്. ആരോഗ്യമന്ത്രി വീണ ജോർജ് കോഴിക്കോട് ജില്ലയിൽ ക്യാംപ് ചെയ്യുകയാണ്. നേരത്തെ തന്നെ 16 അംഗ ടീമിനെ രോഗപ്രതിരോധത്തിനായി വിന്യസിച്ചിരുന്നു.രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇത് വിപുലീകരിക്കാൻ സാധ്യതയുണ്ട്. ജില്ലയിൽ കോഴിക്കോട് ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. 0495 2383 100, 0495 2383 101, 0495 2384 100, 0495 2384 101, 0495 2386 100 എന്നീ നമ്പറുകളിൽ വിളിക്കാം. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ, വീണ ജോർജുമായി ഫോണിൽ സംസാരിച്ചു.കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു നിപ ബാധിച്ച് രണ്ട് പേർ മരിച്ചത്. നിപ ലക്ഷണങ്ങൾ കണ്ട സാഹചര്യത്തിൽ സ്വകാര്യ ആശുപത്രി അധികൃതർ വിവരം സംസ്ഥാന സർക്കാരിനെ അറിയിക്കുകയായിരുന്നു. ഇത് നാലാം തവണയാണ് സംസ്ഥാനത്ത് നിപ സ്ഥിരീകരിക്കുന്നത്.സംസ്ഥാനത്ത് ആദ്യം നിപ വൈറസ് റിപ്പോർട്ട് ചെയ്തത് 2018 മേയ് മാസത്തിലായിരുന്നു. 23 കേസുകൾ ആണ് അക്കാലത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ 17 പേർ രോഗം കലശലായി മരിച്ചിരുന്നു. പിന്നീട് 2019 ൽ എറണാകുളത്ത് വീണ്ടും 2021 ൽ കോഴിക്കോട് വീണ്ടും നിപ റിപ്പോർട്ട് ചെയ്തിരുന്നു.