രണ്ടു ഭീകരർ തിങ്കളാഴ്ച രാവിലെ നിയന്ത്രണ രേഖ കടക്കാൻ ശ്രമം നടത്തുന്നതായി സൈന്യത്തിനു വിവരം ലഭിച്ചിരുന്നതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. പ്രതികൂല കാലാവസ്ഥയും മൂടൽമഞ്ഞും മറയാക്കി ബാലകോട്ട് സെക്ടറിലെ ഹാമിർപൂർ പ്രദേശം വഴി ഇന്ത്യയിലേക്കു കടക്കാനായിരുന്നു ഇവരുടെ നീക്കം. ബാലകോട്ട് സെക്ടറിന് എതിർവശത്തുനിന്ന് നിയന്ത്രണ രേഖ കടക്കാൻ ഭീകരർ ശ്രമം നടത്തുന്നതായി ചില ഇന്റലിജൻസ് ഏജൻസികൾ ജമ്മു കശ്മീർ പൊലീസിനു വിവരം നൽകിയിരുന്നു. തുടർന്ന് ഇതേക്കുറിച്ച് സൈന്യത്തിന് ജാഗ്രതാ നിർദ്ദേശം നൽകി. പിന്നീട് പതിയിരുന്ന് ആക്രമണം നടത്തി ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്തു’ – പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.