ബെംഗളൂരു: ഭൂമിയിൽനിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ പര്യവേക്ഷണം ആരംഭിച്ച് ഇന്ത്യയുടെ പ്രഥമ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ1.
ഭൂമിയിൽനിന്ന് 50,000 കിലോമീറ്റർ അകലെയായുള്ള സൂക്ഷ്മ കണങ്ങളെക്കുറിച്ചും വൈദ്യുതചാർജുള്ള കണികകളെക്കുറിച്ചും ശാസ്ത്രീയ വിവരങ്ങളാണ് പേടകം ശേഖരിച്ചുതുടങ്ങിയത്. പേടകത്തിലെ സുപ്ര തെർമൽ ആൻഡ് എനർജെറ്റിക് പാർട്ടിക്കിൾ സ്പെക്ട്രോമീറ്റർ (സ്റ്റെപ്സ്) എന്ന പര്യവേക്ഷണ ഉപകരണം ഐ.എസ്.ആർ.ഒ പ്രവർത്തിപ്പിച്ചതോടെയാണ് പേടകം പര്യവേക്ഷണം ആരംഭിച്ചത്.
പര്യവേക്ഷണ ഉപകരണത്തിലെ ആറു സെൻസറുകൾ വിവിധ ദിശകളിലായി തിരിഞ്ഞാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ഭൂമിയുടെ ചുറ്റുപാടുമുള്ള സൂക്ഷ്മ കണങ്ങളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. സെപ്റ്റംബർ പത്തിനാണ് ഈ പര്യവേക്ഷണ ഉപകരണം പ്രവർത്തിപ്പിച്ചു തുടങ്ങിയത്. ഭൂമിയിൽനിന്ന് 50000 കിലോമീറ്ററും കടന്ന് പേടകം യാത്ര ചെയ്യാൻ തുടങ്ങുന്നതുവരെയാണ് പര്യവേക്ഷണംനടന്നതെന്നും സൂര്യപഠന ദൗത്യത്തിന് ഏറെ നിർണായകമാണിതെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു.
ഇന്ത്യയുടെ സൂര്യ പഠന ദൗത്യം ആദിത്യ എൽ വണ്ണിന്റെ നാലാമത്തെ ഭ്രമണപഥം ഉയർത്തൽ ഇക്കഴിഞ്ഞ സെപ്റ്റംബർ 15ന് വിജയകരമായി പൂർത്തിയാക്കിയിരുന്നു, ഇതിനുശേഷം ഭൂമിയിൽനിന്ന് 256 കി.മീ. അടുത്ത ദൂരവും
121973 കി.മീ. അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് പേടകമുള്ളത്. ഭൂമിയിൽനിന്ന് പേടകത്തെ യാത്രയാക്കുന്നതിനുള്ള നിർണായകമായ ദൗത്യമാണ് ഇനി ബാക്കിയുള്ളത്. ഇന്ന് ഒരു രാത്രി കൂടിയായിരിക്കും ആദിത്യ എൽ വൺ ഭൂമിയുടെ നിയന്ത്രണത്തിലുള്ളഭ്രമണപഥത്തിലുണ്ടാകുക. സെപ്റ്റംബർ 19ന് (ചൊവ്വാഴ്ച) പുലർച്ചെ രണ്ടിനായിരിക്കും ഭൂമിയിൽനിന്ന് പേടകത്തെ യാത്രയാക്കുന്നതിനുള്ള ട്രാൻസ് ലഗ്രാഞ്ച് പോയന്റ് ഒന്നിലേക്കുള്ള ഭ്രമണപഥം ഉയർത്തൽ നടക്കുക. ലഗ്രാഞ്ച് പോയന്റ് ഒന്നിലേക്ക് പോകുന്നതിന് മുന്നോടിയായിട്ടുള്ള ഭ്രമണപഥത്തിലേക്കായിരിക്കും പേടകത്തെ മാറ്റുക. തുടർന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള 110 ദിവസത്തോളം നീളുന്ന പേടകത്തിന്റെ യാത്ര ആരംഭിക്കും. ഈ നീണ്ട യാത്രക്കുശേഷമായിരിക്കും പേടകം ലഗ്രാഞ്ച് ഒന്നിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിലെത്തുക. പേടകം ഇവിടെ സ്ഥാനമുറപ്പിച്ചുകൊണ്ടായിരിക്കും സൂര്യ പര്യവേക്ഷണം നടത്തുക. സൂര്യനെ പഠിക്കാൻ ഏറ്റവും അനുയോജ്യമായ പോയന്റാണ് ലഗ്രാഞ്ച് ഒന്ന്.