വായിച്ചു പകുതിയായപ്പോഴാണ് ഇത് പണ്ടെന്നോ വായിച്ചതാണെന്ന യാഥാർത്ഥ്യം തിരിച്ചറിയുന്നത്. ഓരോ വരിയും പരിചിതം, എന്നാലോ കഥയൊട്ടു ഓർമയില്ല താനും. വായിക്കുന്തോറും ഖസാക്ക് ഉള്ളിൽ തെളിയുകയായിരുന്നു.രവി നടക്കുന്ന വഴികളിലൂടെ കഥാകാരന്റെ ഗതി വിഗതികളിലൂടെ ഖസാക്ക് ഉള്ളിൽ നിറയുകയായിരുന്നു. അള്ളാപിച്ചാമൊല്ലാക്ക, അപ്പു കിളി, മാധവൻ നായര്, മൈമുന, നൈസാമലി, ആബിദ, കുഞ്ഞാമിന, കുപ്പുവച്ചൻ അങ്ങനെ അങ്ങനെ എല്ലാരും. ഒപ്പം ചെതലിയും കൂമന്കാവും രാജാവിന്റെ പള്ളിയും പിന്നെ 'റബ്ബുൽ ആലമീനായ തമ്പുരാന്റെയും മുത്ത് നബിയുടെയും ബദരീങ്ങളുടെയും ഉടയവനായ സെയ്യദ്ദ്മിയാൻ ഷെയ്ഖും എല്ലാം ഉള്ളിൽ നിറഞ്ഞു തെളിഞ്ഞാണ് മായുന്നത്.
ഖസാക്കിന്റെ ഇതിഹാസം എത്രത്തോളം മഹത്തായ കൃതിയാണെന്നൊന്നും എനിക്കറിയില്ല. 1969ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകത്തെ അര നൂട്ടാണ്ട് കാലത്തെഴുതപ്പെട്ട സർഗസാഹിത്യ കൃതികളിൽ ഏറ്റവും ഉജ്ജ്വലം എന്നൊക്കെ ഡി.സി. കിഴക്കേമുറി പ്രസാധക കുറിപ്പിൽ വിശേഷിപ്പിക്കുന്നത് ഒരു പക്ഷെ ഒട്ടും കുറവല്ലായിരിക്കാം. എന്നിരിക്കിലും ഖസാക്ക് എന്റെ മനസ്സിൽ വിടർത്തിയ വികാരങ്ങളെ കുറിച്ചാണ് എനിക്ക് നന്നായി പറയാനാവുക.
ഒരു വല്ലാത്ത അസ്വസ്ഥതയാണ് വായനയിലുടനീളം രവിയുടെ കഥാപാത്രം കൊണ്ടു വരുന്നത്. സാന്മാർഗികതയുടെയുംഒരു വല്ലാത്ത അസ്വസ്ഥതയാണ് വായനയിലുടനീളം രവിയുടെ കഥാപാത്രം കൊണ്ടു വരുന്നത്. സാന്മാർഗികതയുടെയും ആത്മാന്വേഷനത്തിന്റെയും ഒരു നേർത്ത വരമ്പിലൂടെയാണ് കഥാകാരൻ സഞ്ചരിക്കുന്നത്.
ഉറച്ച മൂല്യബോധമുള്ള ഒരാള്ക്കെ എഴുത്തുകാരൻ ഉദ്ദേശിച്ച രീതിക്ക് കഥ മുഴുവനാക്കാൻ പറ്റൂ, എന്നാണെന്റെ പക്ഷം. ഒരു പക്ഷേ ഈ ഒരു കാരണം കൊണ്ടു കൂടിയാവാം മുന്പിലത്തെ വായനയുടെ കാര്യം തന്നെ ഞാൻ മറന്നു കളഞ്ഞത്. ചില എഴുത്തുകാർ നമ്മെ ജീവിതത്തിൽ നിന്ന് മാറി നില്ക്കാൻ സഹായിക്കും. ഒട്ടു മിക്ക എഴുത്തുകളും അങ്ങനെയുള്ള ഒളിച്ചോട്ടങ്ങളാണ് എന്നെനിക്കു തോന്നുന്നു. വിജയൻ പക്ഷെ ഇവിടെ അതിനനുവദിക്കുന്നില്ല. എന്ത് മറക്കാനാണോ നമ്മൾ ചിലപ്പോൾ പുസ്തകം വായിക്കുന്നത്, ആ ചോദ്യങ്ങളെ അപ്പാടെ നമുക്ക് മുന്നിലേക്ക് വീണ്ടും ഇട്ടു തരികയാണ് വിജയൻ ഖസാക്കിലൂടെ. വായനയുടെ അവസാനം കയ്യിൽ എരിയുന്ന ഒരു സിഗരറ്റുമായി നിങ്ങൾ ഇരുന്നില്ലെങ്കിലാണ് അതിശയം എന്ന് തോന്നുന്നു. പക്ഷെ പുസ്തകം താഴെ വെക്കാൻ വിജയന്റെ വശ്യമായ എഴുത്ത് അനുവദിക്കുകയുമില്ല താനും.
കഥാവസാനം ഉൾക്കൊള്ളാൻ ഒരു പക്ഷെ എനിക്കിനിയും വായനകൾ പലതു വേണ്ടി വരും. രവിയുടെ അടുത്ത് നിന്ന് കഥ കേട്ടിരിക്കുന്ന അപ്പുക്കിളിക്ക് സഖാക്കൾ കേറി വരുമ്പോൾ കഥ മുറിഞ്ഞതിലുള്ള വികാരമാണ് ആദ്യം എനിക്കുംതോന്നിയത്. നിരർത്ഥമായി പരിണാമമില്ലാതെ കഥ അവസാനിച്ച പോലെ. ഇനിയതല്ല, ഓരോ ആത്മാന്വേഷണവും പാമ്പിൻ മാളങ്ങളിലാണവസാനിക്കുക എന്നാവുമോ കഥാകാരന്റെ പക്ഷം? അറിയില്ല, വിജയൻ മാഷുണ്ടായിരുന്നെങ്കിൽ ചോദിക്കാമായിരുന്നു.
ഏതാനും മണിക്കൂറുകളിലാണ് ഞാൻ ഈ പുസ്തകം മുഴുവനാക്കിയത്. ഓരോ വരികളിലൂടെയും നമ്മെ അനായാസമായി കഥയുടെ വഴിയെ കൈ പിടിച്ചു നടത്തുന്ന കഥാകാരന്റെ കരവിരുതിനെ അഭിനന്ദിക്കാതെ വയ്യ. ഒ .വി. വിജയന്റെതായി ഞാൻ വായിച്ച ആദ്യത്തെ പുസ്തകമാണിത്. ഇതിൽ അവസാനിക്കില്ല ഞങ്ങൾ തമ്മിലുള്ള പരിചയം എന്ന കാര്യം ഉറപ്പ്.