കൊളംബോ: ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ പാകിസ്താനെതിരേ കൂറ്റൻ ജയവുമായി ഇന്ത്യ.228 റൺസിന്റെ വമ്പൻ ജയമാണ് ഇന്ത്യ നേടിയത്. 357 എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന പാകിസ്താനെ 128റൺസിന് ഇന്ത്യ കടപുഴക്കി. അഞ്ച് വിക്കറ്റ് നേടിയ കുൽദീപ് യാദവാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്. ബുംറ,ഹാർദ്ദിക്ക് പാണ്ഡെ, ശ്രാദ്ധൽ ഠാക്കൂർ എന്നിവർ ഓരോ വിക്കറ്റും നേടി.27 റൺസെടുത്ത ഫക്കർ സമനാണ് പാക് നിരയിലെ ടോപ് സ്കോറർ. സൽമാൻ അഗാ, ഇഫ്തിക്കർ അഹ്മ്മദ് എന്നിവർ 23 റൺസ് വീതം നേടി. ബാബർ അസം 10ഉം റിസ്വാൻ രണ്ടും റൺസെടുത്ത് പുറത്തായി.
ഏഷ്യാകപ്പിലെ ക്ലാസ്സിക്ക് പോരാട്ടത്തിൽ പാകിസ്താന് മുന്നിൽ കൂറ്റൻ റൺമല പടുത്തുയർത്തിയപ്പോൾ തന്നെ ജയം ഇന്ത്യ പ്രതീക്ഷിച്ചിരുന്നു.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 356 റൺസെടുത്തു. വിരാട്
കോഹ്ലിയുടെയും കെ എൽ രാഹുലിന്റെയും സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് നിർണ്ണായകമായത്. ഇരുവരും പുറത്താവാതെ നിന്നു.കോഹ്ലി 94 പന്തിൽ 122 റൺസെടുത്തപ്പോൾ രാഹുൽ 106 പന്തിൽ 111 റൺസെടുത്തു. ക്യാപ്റ്റൻ രോഹിത്ത് ശർമ്മ 56ഉം ശുഭ്മാൻ ഗിൽ 58ഉം റൺസെടുത്തു. ടോസ് ലഭിച്ച പാകിസ്താൻ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു.കോഹ്ലിയുടെ കരിയറിലെ 77-ാം സെഞ്ചുറിയാണ് ഇന്ന് നേടിയത്. തുടക്കം മുതലേ പാക്
ബൗളിങിന് മുന്നിൽ മേൽക്കോയ്മ നേടാൻ
ഇന്ത്യയ്ക്കായി. അത് അവസാനം വരെ
തുടർന്നാണ് കൂറ്റൻ സ്കോർ ഇന്ത്യ
പടുത്തുയർത്തിയത്.പാകിസ്താനെതിരായ തകർപ്പൻ സെഞ്ചുറിയോടെ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 13000 റൺസ് തികയ്ക്കുന്ന ബാറ്റ്സ്മാനായി വിരാട് കോഹ്ലി മാറി. 2004ൽ പാക്കിസ്ഥാനെതിരെ
റാവൽപിണ്ടിയിൽ നടന്ന മത്സരത്തിൽ സച്ചിൻ ടെൻഡുൽക്കർ സ്ഥാപിച്ച റെക്കോർഡാണ് കോഹ്ലി ഇന്ന് തകർത്തത്.സച്ചിൻ തന്റെ 321-ാം ഇന്നിംഗ്സിൽ ആയിരുന്നു ഈ നേട്ടം കൈവരിച്ചത്. 267-ാം ഇന്നിംഗ്സ് മാത്രമെ കോഹ്ലിക്ക് 13000 റണ്ണിൽ എത്താൻ വേണ്ടി വന്നുള്ളൂ. ഇന്ന് 99 റണ്ണിൽ എത്തിയപ്പോൾ ആണ് കോഹ്ലി 13000 എന്ന നാഴികകല്ലിൽ എത്തിയത്. പിന്നാലെ 47-ാം ഏകദിന സെഞ്ചുറിയും കോഹ്ലി സ്വന്തമാക്കി. സച്ചിന്റെ 49 ഏകദിന സെഞ്ചുറിക്ക് രണ്ടെണ്ണം പിറകിലാണ് കോഹ്ലി. ഇന്ന് 94 പന്തിൽ നിന്ന് 122 റൺസ് എടുത്ത് കോഹ്ലി പുറത്താവാതെ നിന്നിരുന്നു.