പല്ലെക്കെലെ: ഏഷ്യാ കപ്പിൽ നേപ്പാളിനെതിരായ മത്സരത്തിൽ തകർപ്പൻ അർധ സെഞ്ച്വറിയോടെ
കസറിയിരിക്കുകയാണ് ശുബ്മാൻ ഗിൽ. 62 പന്ത് നേരിട്ട് 8 ഫോറും 1 സിക്സും ഉൾപ്പെടെ 67 റൺസുമായാണ് ഗിൽ കസറിയത്. പാകിസ്താനെതിരേ മികവ് കാട്ടാൻ സാധിക്കാത്തതിന്റെ എല്ലാ കുറവും നികത്തുന്ന പ്രകടനമാണ് ഗിൽ നേപ്പാളിനെതിരേ കാഴ്ചവെച്ചത്. ഇന്ത്യക്ക് 10 വിക്കറ്റിന്റെ ജയം നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കാൻ ഗില്ലിന് സാധിച്ചു.
ഇതോടെ വമ്പനൊരു റെക്കോഡും ശുബ്മാൻ ഗില്ലിനെ തേടിയെത്തിയിരിക്കുകയാണ്. ഏകദിനത്തിൽ വേഗത്തിൽ 1500 റൺസ് നേടുന്ന താരങ്ങളുടെ റെക്കോഡിൽ തലപ്പത്തേക്കെത്താൻ ശുബ്മാൻ ഗില്ലിന് സാധിച്ചിരിക്കുകയാണ്. പാകിസ്താനെതിരേ വിറച്ച ഗിൽ നേപ്പാളിനെതിരേ സർവാധിപത്യമാണ് കാട്ടിയത്. പാകിസ്താനെതിരേ 32 പന്തിൽ 10 റൺസാണ് ഗിൽ നേടിയത്. ഇതിന്റെ പേരിൽ വലിയ വിമർശനവും ഗില്ലിന് നേരിടേണ്ടി വന്നിരുന്നു.
എന്നാൽ നേപ്പാളിനെതിരായ മത്സരത്തിലൂടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ ശുബ്മാൻ ഗില്ലിന് സാധിച്ചിരിക്കുകയാണ്. 10-ാം തീയ്യതി സൂപ്പർ ഫോറിൽ ഇന്ത്യയും പാകിസ്താനും വീണ്ടും നേർക്കുനേർ മത്സരിക്കുന്നുണ്ട്. ഈ മത്സരത്തിൽ ഗില്ലിന് മികവ് ആവർത്തിക്കാനാവുമെന്ന് തന്നെ പ്രതീക്ഷിക്കാം. രോഹിത് ശർമക്കൊപ്പം ഓപ്പണിങ്ങിൽ മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ച് റെക്കോഡിലേക്കെത്താനും ശുബ്മാൻ ഗില്ലിനായി. ഇതുവരെ നാല് അർധ സെഞ്ച്വറികളും മൂന്ന് സെഞ്ച്വറികളുമാണ് ഇവരുടെ ഓപ്പണിങ് കൂട്ടുകെട്ടിൽ പിറന്നത്.
83ന് മുകളിലാണ് ഇവരുടെ കൂട്ടുകെട്ടിന്റെ ശരാശരി. എന്നാൽ പ്രധാന മത്സരങ്ങളിൽ ഈ കൂട്ടുകെട്ടിന് മികവ് കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് ദൗർഭാഗ്യകരമായ കാര്യം. ഏകദിനത്തിൽ ഇന്ത്യ 10 വിക്കറ്റിന് ജയിച്ച മത്സരങ്ങളിൽ കൂടുതൽ റൺസിന്റെ കൂട്ടുകെട്ട് എന്ന റെക്കോഡിൽ നാലാം സ്ഥാനത്തേക്കെത്താനും രോഹിത്-ഗിൽ കൂട്ടുകെട്ടിനായി. 147 റൺസിന്റെ കൂട്ടുകെട്ടാണ് ഇവർ സൃഷ്ടിച്ചത്.
2022ൽ ശുബ്മാൻ ഗില്ലും ശിഖർ ധവാനും ചേർന്ന് 192 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിച്ചത് മൂന്നാം സ്ഥാനത്തും സച്ചിനും ഗാംഗുലിയും ചേർന്ന് 1998ൽ സൃഷ്ടിച്ച 197 റൺസ് കൂട്ടുകെട്ട് രണ്ടാം സ്ഥാനത്തും നിൽക്കുന്നു. 2009ൽ വീരേന്ദർ സെവാഗും ഗൗതം ഗംഭീറും ചേർന്ന് നേടിയ 201 റൺസ് കൂട്ടുകെട്ടാണ് ഈ റെക്കോഡിൽ തലപ്പത്ത് നിൽക്കുന്നത്. നേപ്പാളിനെതിരായ ശുബ്മാന്റെ പ്രകടനത്തിന് പ്രശംസകൾ ലഭിക്കുന്നതോടൊപ്പം വിമർശനവും ശക്തമാണ്.
- കുഞ്ഞൻ ടീമുകൾക്കെതിരേ മാത്രമാണ് കളിക്കുന്നതും നിർണ്ണായക മത്സരങ്ങളിലൊന്നും മികവ് കാട്ടുന്നില്ലെന്നുമാണ് ആരാധകർ പറയുന്നത്. അവസാന ഐപിഎല്ലിലെ തകർപ്പൻ പ്രകടനത്തിന് ശേഷം കളിച്ച മത്സരങ്ങളിലെല്ലാം ശരാശരി മാത്രമാണ് ഗില്ലിന്റെ പ്രകടനം. നേപ്പാളിനെതിരായ മികവ് പാകിസ്താനെതിരേ സൂപ്പർ ഫോറിൽ ഗിൽ ആവർത്തിക്കേണ്ടതായുണ്ട്. ഏകദിന ലോകകപ്പ് വരാനിരിക്കെ ശക്തമായ ബൗളിങ് നിരയുള്ള ടീമുകൾക്കെതിരേ ഗിൽ ശോഭിക്കണം.
- പാകിസ്താനെതിരായ മത്സരം ഗില്ലിനെ സംബന്ധിച്ച് വളരെ നിർണ്ണായകമാണെന്ന് പറയാം. നേപ്പാളിനെതിരായ ജയം ഇന്ത്യയുടെ ആത്മവിശ്വാസം ഉയർത്തുന്നുണ്ടെങ്കിലും ഇന്ത്യക്ക് തലവേദനയായി ചില കാര്യങ്ങളുമുണ്ട്. അതിൽ ഒന്നാമത്തെ കാര്യം ഫീൽഡിങ്ങാണ്. 2019ലെ ഏകദിന ലോകകപ്പിന് ശേഷം ഏറ്റവും മോശം ഫീൽഡിങ് പ്രകടനം നടത്തുന്ന ടീമുകളിലൊന്ന് ഇന്ത്യയാണ്. നേപ്പാളിനെതിരേ തന്നെ നാല് ക്യാച്ചാണ് ഇന്ത്യ കൈവിട്ടത്.മോശം ഫീൽഡിങ്ങിലൂടെ എക്സ്ട്രാ റൺസ് വഴങ്ങിയതും നിരവധിയാണ്. ഇന്ത്യയുടെ ബൗളിങ്ങിന്റെ മൂർച്ചയും പ്രതീക്ഷക്കൊത്തുള്ളതല്ല. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് പേസ് കൂട്ടുകെട്ട് റൺസ് വഴങ്ങുന്നതിൽ മടികാട്ടുന്നില്ല. ജസ്പ്രീത് ബുംറ നേപ്പാളിനെതിരേ കളിച്ചിരുന്നില്ല. പാകിസ്താന്റെ ബൗളിങ് കരുത്തുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ പ്രകടനം ശോകമാണ്. സൂപ്പർ ഫോറിൽ ഇന്ത്യക്ക്
വലിയ നാണക്കേട് നേരിടേണ്ടി വരുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.