മനുഷ്യരുടെ ജീവന് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി അമേരിക്കൻ പിറ്റ്ബുള്ളുകളെ നിരോധിക്കാൻ നീക്കങ്ങളുമായി ബ്രിട്ടൺ. ഈ വർഷം അവസാനത്തോടെ വിലക്ക് നിലവിൽ വരുത്താനാണ് യുകെയുടെ തീരുമാനമെന്ന് പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച പിറ്റ് ബുള്ളിന്റെ ആക്രമണത്തിനിരയായി ബിർമിംഗ്ഹാമിൽ 11- കാരി കൊല്ലപ്പെട്ടിരുന്നു.
യുഎസ് ബ്രീഡ് ആയ അമേരിക്കൻ XL ബുള്ളി ഡോഗിനെ നിരോധിക്കാനാണ് ബ്രിട്ടണിന്റെ നീക്കം. ഇത് പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായയാണ്.
ഇവയുടെ സ്വഭാവ ശൈലിയാണ് ആക്രമണത്തിന് കാരണമെന്നും പരിശീലനം കൊണ്ട് മാറ്റാൻ സാധിക്കുന്നതല്ലെന്നും പ്രധാനമന്ത്രി ഋഷി സുനക് അഭിപ്രായപ്പെട്ടു.
ഉടമകൾക്ക് ഇവയെ നിയന്ത്രിക്കാനുള്ള ചുമതല ഉണ്ടെങ്കിലും അവർക്കതിന് സാധിക്കുന്നില്ല. അതുകൊണ്ടാണ് സർക്കാർ നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചത്. പ്രസ്തുത വർഗത്തിലുള്ള നായകളെക്കുറിച്ച് കൂടുതൽ പഠിക്കാൻ ഉത്തരവിട്ടിട്ടുള്ളതായും ഋഷി സുനക് അറിയിച്ചു.
അമേരിക്കൻ പിറ്റ് ബുൾ ടെറിയർ (പിറ്റ്ബുൾ) എന്നയിനവും അമേരിക്കൻ സ്റ്റാഫോർഷീർ ടെറിയർ എന്നിയിനവും ക്രോസ് ചെയ്തുണ്ടായ ബീഡ് ആണ് XL ബുള്ളി.
2021 മുതൽ 2023 വരെയുള്ള കണക്ക് പ്രകാരം യുകെയിൽ നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട 50 ശതമാനമാളുകളും XL ബുള്ളിയുടെ കടിയേറ്റാണ് മരിച്ചത്.