ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യതാ റൗണ്ടിൽ തെക്കേ അമേരിക്കൻ മേഖലയിൽ ഇക്വഡോറിനെതിരായ മത്സരത്തിൽ അർജന്റീന ജയിച്ചിരുന്നു. ലിയോണൽ മെസി നേടിയ ഫ്രീകിക്ക് ഗോളിലായിരുന്നു ലോക ചാംപ്യന്മാരുടെ ജയം. മത്സരം ഗോൾരഹിത സമനിലയിൽ അവസാനിക്കുമെന്ന് തോന്നിച്ചിരിക്കെ 78-ാം മിനിറ്റിലാണ് മെസി ഫ്രീകിക്കിലൂടെ ഗോൾ നേടിയത്. മത്സരത്തിന്റെ 89-ാം മിനിറ്റിൽ മെസിയെ അർജന്റൈൻ കോച്ച് ലിയോണൽ സലോണി പിൻവലിക്കുകയും ചെയ്തു. എസേക്വീൽ പലാസിയോസാണ് പകരമെത്തിയത്. മെസിയെ പിൻവലിച്ചത് പരിക്ക് കാരണമാണോ എന്ന് ആരാധകർ ആശങ്കപ്പെട്ടിരുന്നു.
അതിനെ കുറിച്ച് സംസാരിക്കുകയാണിപ്പോൾ മെസി. അർജന്റൈൻ ക്യാപ്റ്റന്റെ വാക്കുകൾ... "ലോകകപ്പ് യോഗ്യതാറൗണ്ടിൽ ഇക്വഡോറിന് എതിരായ മത്സരം പൂർത്തിയാക്കാതെ മടങ്ങിയത് പരിക്കേറ്റിട്ടല്ല. തുടർച്ചയായ മത്സരങ്ങളിൽ കളിച്ച് ക്ഷീണിതനായതിനാലാണ് താൻ പിൻവാങ്ങിയത്. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ പിന്മാറുന്നത് നല്ലതെന്നായിരുന്നു എനിക്ക് തോന്നിയത്." മെസി വ്യക്തമാക്കിമെസിയെ തിരിച്ചുവിളിച്ചതിനെ കുറിച്ച് അർജന്റൈൻ കോച്ച് ലിയോണൽ സ്കലോണിയും സംസാരിച്ചിരുന്നു. അദ്ദേഹം വിശദീകരിച്ചതിങ്ങനെ... "മെസി തന്നെയാണ് പിൻവലിക്കാൻ ആവശ്യപ്പെട്ടത്. അല്ലെങ്കിൽ ഞാനൊരിക്കലും അദ്ദേഹത്തെ തിരിച്ചുവിളിക്കില്ലായിരുന്നു. അടുത്ത മത്സരത്തിന് മുമ്പ് മെസിയുടെ സാഹചര്യം എന്താണെന്ന് വിലയിരുത്തും." സ്കലോണി പറഞ്ഞു. ചൊവ്വാഴ്ച ബൊളിവിയക്കെതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം.ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ന് നടന്ന മത്സരത്തിൽ ബ്രസീലും ജയിച്ചിരുന്നു. ബൊളീവിയയെ ഒന്നിനെതിരെ അഞ്ച് ഗോളിനാണ് ബ്രസീൽ തോൽപ്പിച്ചത്. നെയ്മർ, റോഡ്രിഗോ എന്നിവർ ഇരട്ട ഗോൾ നേടി. റഫീഞ്ഞയുടെ വകയായിരുന്നു മറ്റൊരു ഗോൾ. മറ്റൊരു മത്സരത്തിൽ ഉറുഗ്വെ ഒന്നിനെതിരെ മൂന്ന് ഗോളിന് ചിലെയെ തോൽപ്പിച്ചു. ബ്രസീൽ ബുധനാഴ്ച്ച നടക്കുന്ന മത്സരത്തിൽ പെറുവിനെ നേരിടും.