തൃശൂർ • പുലിക്കളി സംഘങ്ങൾക്ക് അര ലക്ഷം രൂപ വീതം സുരേഷ് ഗോപിയുടെ ഓണസമ്മാനം. ലക്ഷ്മി സുരേഷ് ഗോപി ട്രസ്റ്റിൽ നിന്നാണ് സുരേഷ് ഗോപി 5 ദേശങ്ങൾക്കും അരലക്ഷം രൂപ വീതം നൽകിയത്. പുലിമടകളിൽ ഒരുക്കങ്ങൾ കാണാനെത്തിയതായിരുന്നു അദ്ദേഹം. സ്ത്രീകൾക്കും പുലിക്കളിയിൽ പങ്കെടുക്കാനുള്ള അർഹതയുണ്ടെന്നും പങ്കെടുക്കാൻ മുന്നിട്ടിറങ്ങിയതു വഴി സ്ത്രീകളും പുലികളാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
പുലിക്കളിക്കു മോടി കൂട്ടാൻ മാസ്റ്റർപ്ലാൻ തയാറാക്കും
പുലിക്കളിയെ കൂടുതൽ ജനകീയമാക്കി തൃശൂർ പൂരത്തിനു സമാനമായ ആഘോഷമാക്കി മാറ്റുന്നതിനു മാർ പ്ലാൻ തയാറാക്കുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കോർപറേഷൻ, വിവിധ പുലിക്കളി സംഘങ്ങൾ എന്നിവയുമായി ചർച്ച ചെയ്ത ശേഷമായിരിക്കും മാസ്റ്റർ പ്ലാൻ തയാറാക്കുക.
പുലിക്കളി സംഘങ്ങളുടെ എണ്ണം വർധിപ്പിക്കുക, കൂടുതൽ കലാകാരൻമാരെ പുലിക്കളിയിലേക്ക് ആകർഷിക്കുക,
കൂടുതൽ വൈവിധ്യങ്ങൾ കൊണ്ടുവരുന്നതിന്റെ സാധ്യതകൾ പരിശോധിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാകും മാസ്റ്റർ പ്ലാൻ.
കലാകാരൻമാർക്ക് കൂടുതൽ അംഗീകാരം ലഭിക്കുന്നതിനായി അതിനെ ഫോക്ലോർ വിഭാഗത്തിൽ ഉൾപ്പെടുത്തുന്ന കാര്യം
സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. അടുത്ത വർഷം പുലിക്കളി സംഘങ്ങൾക്കു കൂടുതൽ സാമ്പത്തിക സഹായവും സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള നടപടി സർക്കാർ ഇതിനകം ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
അയ്യന്തോൾ, കാനാട്ടുകര, പൂങ്കുന്നം, വിയ്യൂർ, ശക്തൻ പുലിക്കളി സംഘങ്ങളുടെ
പുലിമടകളാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചത്. മേയർ എം.കെ.വർഗീസ്, പി.ബാലചന്ദ്രൻ എംഎൽഎ, കലക്ടർവി.ആർ.കൃഷ്ണതേജ, സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.