കൊളംബോ: ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ പാകിസ്താൻ പേസർ നസീം ഷാ ടൂർണമെന്റിൽ നിന്ന് പുറത്ത്. ബുധനാഴ്ച പാകിസ്താൻ ടീം ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം. വലത് തോളിനാണ് നസീമിന് പരിക്കേറ്റിരിക്കുന്നത്.
പകരക്കാരനായി വലംകൈയൻ പേസർ സമാൻ ഖാനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സൂപ്പർ ഫോറിൽ ശ്രീലങ്കയ്ക്കെതിരായ നിർണായക മത്സരത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേയാണ് നസീം പരിക്കേറ്റ് പുറത്തായിരിക്കുന്നത്. അതേസമയം ഇന്ത്യയ്ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ മറ്റൊരു പാക് താരം ഹാരിസ് റൗഫ് കായികക്ഷമത കൈവരിച്ചതായും പാക് മാനേജ്മെന്റ് അറിയിച്ചു. വ്യാഴാഴ്ച ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ റൗഫ് കളിക്കും.
ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ റൗഫ് അഞ്ച് ഓവർ മാത്രമാണ് ബൗൾ ചെയ്തത്. നസീം ഷാ അവസാന ഓവർ
പൂർത്തിയാക്കാതെ മടങ്ങുകയായിരുന്നു. ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ഇത് കണക്കിലെടുത്ത് മുൻകരുതൽ നടപടിയെന്ന നിലയിലാണ് ടൂർണമെന്റിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ നസീം ഷായെ മാറ്റിനിർത്താൻ തീരുമാനിച്ചതെന്ന് പിസിബി പ്രസ്താവനയിൽ അറിയിച്ചു.