നടി മീരാ നന്ദൻ വിവാഹിതയാകുന്നു, വരൻ ശ്രീജു. വിവാഹനിശ്ചയ ചിത്രങ്ങൾ കാണാം. 'ഇനി ഒന്നിച്ചുള്ള ജീവിതം' എന്ന ക്യാപ്ഷനോടെ മീര തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചത്.
എൻഗേജ്മെന്റ് ചിത്രങ്ങൾ പകർത്തിയ 'ലൈറ്റ്സ് ഓൺ ക്രിയേഷൻസ്' എന്ന ഇൻസ്റ്റ ഹാൻഡ്ലിൽ കൂടുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂട്ടത്തിൽ 'പെർഫെക്ഷനിലക്ക് അറേഞ്ച് ചെയ്യപ്പെട്ട സ്നേഹം' എന്ന ഒരു കുറിപ്പും.
'ഒരു മാട്രിമോണിയൽ സൈറ്റിൽ നിന്നാണ് ജീവിതകാലത്തേക്കുള്ള ഒരു വാഗ്ദാനത്തിലേക്ക് മീരയും ശ്രീജുവും എത്തിയത്. മാതാപിതാക്കൾ പരസ്പരം സംസാരിച്ചതിനു ശേഷം, തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ആരായിരിക്കുമെന്ന് കാണാൻ ശ്രീജു ലണ്ടനിൽ നിന്ന് ദുബായിലേക്ക് പറന്നു. കഥയുടെ ബാക്കി ഭാഗം മറ്റേതൊരു കഥയെയും പോലെ തന്നെ... എന്നാൽ അതിന്റെതായ പ്രത്യേകതകളുമുണ്ട് - അവർ കണ്ടുമുട്ടുന്നു, പ്രണയത്തിലാകുന്നു, അവരുടെ ജീവിതകാലം മുഴുവൻ ഒരുമിച്ച് ചെലവഴിക്കാൻ തീരുമാനിക്കുന്നു.
ലാൽ ജോസ് സംവിധാനം ചെയ്ത 'മുല്ല' എന്ന ചിത്രത്തിലൂടെയാണ് മീര നന്ദൻ സിനിമാലോകത്തേക്ക് എത്തുന്നത്. ഒരു മ്യൂസിക്കൽ റിയാലിറ്റി ഷോയിൽ മത്സരിക്കാനെത്തി ഷോയുടെ അവതാരകയായി മാറിയ മീരയെ സംവിധായകൻ ലാൽ ജോസാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്.
മുല്ല'യ്ക്കു ശേഷം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35 ലധികം സിനിമകളിൽ അഭിനയിച്ചു. 'കറൻസി, 'വാല്മീകി', 'പുതിയ മുഖം' 'കേരളാ കഫേ, 'പത്താം നിലയിലെ തീവണ്ടി' എന്നിവയാണ് പ്രധാന ചിത്രങ്ങൾ. വളരെ കുറച്ചു സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റാൻ മീരയ്ക്കു സാധിച്ചു.
2015ൽ ദുബായിലെ റെഡ് എഫ്. എം എന്ന റേഡിയോ സ്റ്റേഷനിൽ റേഡിയോ ജോക്കിയായി. റേഡിയോ ജോക്കിയായി തുടരവെയാണ് തമിഴിൽ 'ശാന്തമാരുതനെന്ന സിനിമയിൽ അഭിനയിച്ചത്. അടുത്തിടെ 'എന്നാലും ന്റെളിയാ എന്ന ചിത്രത്തിലും ഒരു ചെറിയ വേഷം ചെയ്തിരുന്നു.