തിരുവനന്തപുരം: ഡൽഹിയിലെ കേരള സർക്കാരിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ചുമതലയിലിരുന്ന വേണു രാജാമണി സ്ഥാനമൊഴിഞ്ഞു. രണ്ടാഴ്ചത്തെ കാലാവധി നീട്ടിനൽകിയത് നിരസിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം കത്തുനൽകി.
ശനിയാഴ്ചവരെയായിരുന്നു വേണു രാജാമണിയുടെ സേവന കാലാവധി. ഇത് രണ്ടാഴ്ചത്തേക്കുമാത്രമാണ് നീട്ടിനൽകി സർക്കാർ ഉത്തരവിറക്കിയത്. പിന്നാലെ അദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നു.
ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ചുമതലയിലിരുന്ന് ചെയ്ത കാര്യങ്ങളിൽ സംതൃപ്തിയുണ്ടെന്നും കൂടുതൽകാര്യങ്ങൾ ഇപ്പോൾ പറയുന്നില്ലെന്നും വേണു രാജാമണി മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവിയിൽ 2021 സെപ്റ്റംബറിലാണ് വേണു രാജാമണിയെ ഡൽഹിയിലെ കേരള സർക്കാരിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി നിയമിച്ചത്. ഒരു വർഷത്തേക്കായിരുന്നു നിയമനം.
ഇത് പിന്നീട് 2022-ൽ ഒരുവർഷത്തേക്കുകൂടി നീട്ടിനൽകി. ഇപ്പോൾ രണ്ടാഴ്ചകൂടി നീട്ടി വീണ്ടും നീട്ടിനൽകിയപ്പോഴാണ് തുടരാനില്ലെന്ന് അറിയിച്ചത്. ഐ.എ.എസ്. തലത്തിലെ നീക്കങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നും അഭ്യൂഹമുണ്ട്.