ബംഗ്ലുരു | ചന്ദ്രയാൻ മൂന്ന് റോവറിൽ
നിന്നുള്ള ആദ്യത്തെ ദൃശ്യങ്ങൾ ഐ എസ് ആർ ഒ പുറത്തുവിട്ടു. റോവറിന്റെ സഞ്ചാര പാതയിൽ മൂന്നു മീറ്റർ മുന്നിലായി നാലു മീറ്റർ വ്യാസമുള്ള ഒരു ഗർത്തം കണ്ടെത്തിയിട്ടുണ്ട്.
സുരക്ഷിത പാത തിരിച്ചു പിടിക്കാൻ റോവറിനു നിർദ്ദേശം നൽകിയതായും ഐ എസ് ആർ ഒ അറിയിച്ചു.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ നിന്ന് ചന്ദ്രയാൻ 3 ശേഖരിച്ച നിർണായക വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഐ എസ് ആർ ഒ പുറത്തുവിട്ടിരുന്നു.
ദക്ഷിണ ധ്രുവത്തിലെ താപനില സംബന്ധിച്ച വിവരങ്ങളാണ് ഐ എസ് ആർ ഒ ലഭിച്ചത്. വിക്രം ലാൻഡറിന്റെ ഭാഗമായ ചന്ദ്രാസ് സർഫസ് തെർമോഫിസിക്കൽ എക്സ്പിരിമന്റ് (ചാ) ശേഖരിച്ച വിവരങ്ങളാണ് ഐ എസ് ആർ ഒ പങ്കുവെച്ചിരുന്നത്.
ഓഗസ്റ്റ് 23ന് സോഫ്റ്റ് ലാൻഡ് ചെയ്തതിന് ശേഷം ലാൻഡറിൽ നിന്ന് റോവർ
പുറത്തിറങ്ങി സഞ്ചാരമാരംഭിച്ചതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. വിവിധ തരത്തിലുള്ള പരീക്ഷണ
നിരീക്ഷണങ്ങൾക്കായി ലാൻഡറിൽ തന്നെ നാല് പേ ലോഡ് ഐ എസ് ആർ ഒ ക്രമീകരിച്ചിട്ടുണ്ട്. ഇതിൽ ഒന്നായ ചായുടെ പ്രധാന ഉദ്ദേശ്യം
ഉപഗ്രഹത്തിലെ മണ്ണിന്റെ താപനില പഠിക്കുക എന്നതാണ്.
പത്ത് സെൻസറുകൾ അടങ്ങുന്ന ദണ്ഡിന്റെ രൂപത്തിലുള്ള ഉപകരണമാണ് ചാ. ചായുടെ സെൻസറുകൾ ചന്ദ്രോപരിതലത്തിൽ താഴ്ത്തിയാണ് താപനിലയിലെ വ്യത്യാസം അളക്കുന്നത്.
ചായുടെ നിരീക്ഷണ പ്രകാരം ചന്ദ്രോപരിതലത്തിലെ താപനില 50 ഡിഗ്രി സെൽഷ്യസാണ്. എന്നാൽ എട്ട് സെന്റി മീറ്റർ താഴേയ്ക്ക് പോകുമ്പോൾ ഇത് മൈനസ് പത്ത് ഡിഗ്രിയായി കുറഞ്ഞതായും കണ്ടെത്തി.
ചന്ദ്രോപരിതലത്തിന്റെ താപപ്രതിരോധ ശേഷിയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. അന്തരീക്ഷമില്ലാത്തതിനാൽ തന്നെ ചന്ദ്രോപരിതലത്തിലെ താപനില ക്രമാതീതമായി കൂടുകയും കുറയുകയും ചെയ്യാറുണ്ട്. അതിനാൽ തന്നെ താപനിലയിലെ വ്യത്യാസവും ചന്ദ്രോപരിതലത്തിന്റെ താപപ്രതിരോധശേഷിയുമടക്കം ആഴത്തിൽ പഠിക്കാൻ ചാ ശേഖരിക്കുന്ന വിവരങ്ങൾ നിർണായകമാകും. ചന്ദ്രൻ ആവാസയോഗ്യമാണോ എന്നീ കാര്യങ്ങളടക്കം പരിശോധിക്കാൻ ഇത്തരം വിവരങ്ങളുടെ അപഗ്രഥനം മൂലം സാധ്യമാകും എന്നാണ് വിലയിരുത്തൽ.