ചെസ് ലോകകപ്പിൽ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തി ആർ. പ്രഗ്നാനന്ദ. ഫൈനലിൽ ടൈബ്രേക്കറിലേക്ക് മത്സരം നീണ്ടെങ്കിലും ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസണ് മുമ്പിൽ തോൽവി വഴങ്ങേണ്ടി വന്നു. തോൽവിലയിലും തല ഉയർത്തിയാണ് പ്രഗ്നാനന്ദയെന്ന പതിനെട്ടുകാരന്റെ മടക്കം. ഏകദേശം 66,13,444 രൂപ (80,000 യുഎസ് ഡോളർ) പ്രഗ്നാനന്ദയ്ക്ക് സമ്മാനത്തുകയായി ലഭിക്കും.ജേതാവായ മാഗ്നസ് കാൾസണ് ഏകദേശം 90,93,551
(110K യുഎസ് ഡോളർ) ലക്ഷം രൂപയാണ്
സമ്മാനമായി ലഭിക്കുക.
അസർബൈജാനിലെ ബാക്കുവിൽ നടന്ന ചെസ് ലോകകപ്പിൽ അപ്രതീക്ഷിതമായാണ് പ്രഗ്നാനന്ദയെന്ന ഇന്ത്യൻ ബാലന്റെ അശ്വമേധം നടന്നത്. ഇതിഹാസതാരം വിശ്വനാഥൻ ആനന്ദിനു ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടമാണ് പ്രഗ്നാനന്ദ സ്വന്തമാക്കിയത്. അമേരിക്കൻ ചെസ് ഇതിഹാസമായ ബോബി ഫിഷറിനും, മാഗ്നസ് കാൾസണും (16-ാം വയസ്സിൽ) ശേഷം കാൻഡിഡേറ്റ്സ് ടൂർണമെന്റിന് യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും പ്രഗ്നാനന്ദ മാറി.
സമനിലയിൽ തളച്ചത് പ്രഗ്നാനന്ദയ്ക്ക് അഭിമാന നേട്ടമാണ്. ആദ്യ മത്സരത്തിൽ 35, രണ്ടാം മത്സരത്തിൽ 30
കരുനീക്കങ്ങൾക്കൊടുവിൽ ഇരുവരും
സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. രണ്ട് ഗെയിമുകളും സമനിലയിലായതോടെയാണ് ചെസ് ലോകകപ്പ് ഫൈനൽ മത്സരം
ടൈബ്രേക്കറിലേക്ക് നീണ്ടത്.
ടൈബ്രേക്കറിലെ ആദ്യഗെയിം അവസാന മിനിറ്റുകളിലെ മിന്നൽ നീക്കങ്ങളിലൂടെ കാൾസൺ വിജയിച്ചു. രണ്ടാം ഗെയിമിൽ സമനില വഴങ്ങിയതോടെയാണ് കാൾസൺ കിരീടം സ്വന്തമാക്കിയത്.
മുപ്പത്തിരണ്ടുകാരനായ കാൾസന്റെ കരിയറിലെ ആദ്യ ലോകകപ്പ് വിജയം കൂടിയാണിത്.
സെമിഫൈനലിൽ ലോക മൂന്നാം നമ്പർ താരം ഫാബിയോ കരുവാനയോയെ കീഴടക്കിയായിരുന്നു പ്രഗ്നാനന്ദ ലോകത്തെ ഞെട്ടിച്ചത്. ക്വാർട്ടറിൽ ലോക രണ്ടാം നമ്പർ താരം ഹികാരു നകാമുറയെയാണ് പ്രശ്നാനന്ദ അട്ടിമറിച്ചത്. 2002ൽ വിശ്വനാഥൻ ആനന്ദാണ് ചെസ് ലോകകപ്പ് ഫൈനലിൽ അവസാനമെത്തിയത്. പിന്നീട് 20 വർഷത്തിനു ശേഷമാണ് ഇപ്പോൾ ഒരു ഇന്ത്യൻ താരം ചെസ് ലോകകപ്പ് ഫൈനലിലെത്തുന്നത്.