മഹാഭാരത്തെ ആസ്പദമാക്കി ഉണ്ടായിട്ടുള്ള രചനകളിൽ അതുല്യമായ സ്ഥാനം അവകാശപ്പെടാവുന്ന പ്രോജ്വലമായ ഒരു നോവൽ - 'ഇനി ഞാൻ ഉറങ്ങട്ടെ'. പി കെ ബാലകൃഷ്ണൻ എന്ന പ്രതിഭാധനനായ ഗ്രന്ഥകാർത്താവിനെ 1974 ൽ കേരള സാഹിത്യ അക്കാദമി അവാർഡിനും, 1978 ൽ വയലാർ അവാർഡിനും അർഹനാക്കിയ കാലാതിവർത്തിയായ ഈ ഗംഭീര കൃതി വളരെ നല്ല ഒരു വായനാനുഭവാണ് പ്രധാനം ചെയ്തത്.
മഹാഭാരത യുദ്ധാനന്തരം ദുഃഖത്തിന്റെയും ആത്മസംഘർഷതിന്റെയും ആഴക്കയങ്ങളിൽ മുങ്ങി ഉഴലുന്ന ദ്രൗപതിയുടെ മാനസിക വ്യാപാരങ്ങളിലൂടെ മുന്നോട്ടു നീങ്ങുന്ന കഥാഖ്യാനം കർണ്ണൻ എന്ന ഇതിഹാസ നായകന്റെ ജീവിത സന്ദർഭങ്ങളെയും വികാരലോകങ്ങളെയും വളരെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു. യുധിഷ്ഠിരന്റെ വികാരതീവ്രമായ ധർമ്മസങ്കടം ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന ഈ നോവൽ യഥാർത്ഥ മഹാഭാരത കഥയോട് നീതി പുലർത്തികൊണ്ടുതന്നെ വ്യത്യസ്തമായ ഒരു വയാനാനുഭവമായിമാറുന്നു.
മനുഷ്യ മനസ്സിന്റെ വികാരതലങ്ങളുടെ ആഴവും പരപ്പും വെളിവാക്കിതരുന്ന കഥാസന്ദർഭങ്ങൾ വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നതിൽ രചയിതാവ് അത്യന്തം ശ്രദ്ധ പുലർത്തിയതായി കാണാം.
ഓർമകളിലൂടെയുള്ള തിരിഞ്ഞുനോട്ടങ്ങളും മാനസ്സിക വ്യാപാരങ്ങളിലൂടെയുള്ള മുന്നോട്ട്പോക്കും കഥാഖ്യാനത്തെ വളരെ ആകർഷകവും വ്യത്യസ്തവുമാക്കുന്നു.
ദ്രൗപതി കർണ്ണൻ എന്നീ രണ്ടു ഭിംബങ്ങളെ കടക്കോലാക്കി മഹാഭാരതമാകുന്ന തൈര് കടഞ്ഞെടുത്ത വെണ്ണയാണ് മനോഹരമായ ഈ നോവൽ. മഹാഭാരത കഥകളെ ഇഷ്ടപെടുന്ന ആരും ഒഴിഞ്ഞുപോകാതെ വായിച്ചിരിക്കേണ്ട ഒരു കൃതിയാണ് 'ഇനി ഞാൻ ഉറങ്ങട്ടെ'.