തിരുവനന്തപുരം
ഓണം ബംബർ നറുക്കെടുക്കും മുൻപ് തന്നെ ബംബറടിച്ച് ബെവ്കോ. ഓരോ ഉത്സവ സീസണുകളിലും റെക്കോർഡ് തിരുത്തി എഴുതുന്ന കോർപറേഷൻ ഇത്തവണയും പതിവ് തെറ്റിച്ചില്ല.
കഴിഞ്ഞ വർഷത്തെ ഓണക്കാല മദ്യ വിൽപന 700 കോടിയായിരുന്നങ്കിൽ ഇത്തവണ 757കോടി രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. 57 കോടിയുടെ അധിക വിൽപനയാണ് ഇത്തവണ ഉണ്ടായത്.
ഓണക്കാല മദ്യ വിൽപനയിലൂടെ സർക്കാർ ഖജനാവിലേക്ക് നികുതിയിനത്തിൽ 675 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞദിവസം ഏറ്റവും കൂടുതൽ വിൽപന നടന്നത് മലപ്പുറം തിരൂരിലെ ബെവ്കോ ഔട്ട്ലറ്റ് വഴിയാണ്. ഏഴ് കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. ഉത്രാടത്തിന് 116 കോടി രൂപയും അവിട്ടത്തിൽ 91 കോടി രൂപയുമാണ് മദ്യവിൽപനയിലൂടെ ബെവ്കോ നേടിയത്.
ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ബ്രാൻഡ് ജവാൻ റം ആണ്.
ആറ് ലക്ഷത്തി മുപ്പതിനായിരം ലിറ്റർ ജവാനാണ് ഈ ഓണക്കാലത്ത് വിറ്റത്. മദ്യം വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് പണമിടപാടിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ ബെവ്കോ, ഔട്ട്ലറ്റുകൾക്ക് നേരത്തെ തന്നെ സർക്കുലർ നൽകിയിരുന്നു. ഏറ്റവും കൂടുതൽ ഡിജിറ്റൽ പേയ്മെന്റ് നടത്തുന്ന ഔറ്റ്ലെറ്റുകൾക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.