ചരിത്രനേട്ടത്തിന്റെ ആരവമടങ്ങും മുൻപേ ലോകചാംപ്യൻ നീരജ് ചോപ വീണ്ടും മത്സരക്കളത്തിലേക്ക്. സ്വിറ്റ്സർലൻഡിന്റെ സൂറിക്കിൽ ഇന്നു നടക്കുന്ന ഡയമണ്ട് ലീഗ് മീറ്റാണ് ലോകചാംപ്യൻഷിപ് കിരീട നേട്ടത്തിനു ശേഷമുള്ള നീരജിന്റെ ആദ്യ മത്സരം. പുരുഷ ലോങ്ജംപിൽ മലയാളി താരം എം.ശ്രീശങ്കറും മത്സരിക്കുന്നുണ്ട്.
ഇന്ത്യൻ സമയം ഇന്നു രാത്രി 12നാണ് മത്സരം. സ്പോർട്സ്-18 ചാനലിലും ജിയോ സിനിമ ആപ്പിലും തൽസമയം കാണാം.
ഈ സീസണിൽ നീരജിന്റെ മൂന്നാം ഡയമണ്ട് ലീഗ് മീറ്റാണിത്.
ദോഹ, ലുസേൻ മീറ്റുകളിൽ നീരജിനായിരുന്നു ഒന്നാം സ്ഥാനം. പാരിസ് ഡയമണ്ട് ലീഗിൽ മൂന്നാം സ്ഥാനം നേടിയ ശ്രീശങ്കറിന് ലോക ചാംപ്യൻഷിപ്പിലെ മോശം പ്രകടനത്തിന്റെ നിരാശ തീർക്കാനുള്ള അവസരം കൂടിയാണ് ഇന്നത്തെ മീറ്റ്. അടുത്തമാസം നടക്കുന്ന ഏഷ്യൻ ഗെയിംസിന് മുൻപ് ഇരുവരും പങ്കെടുക്കുന്ന അവസാന രാജ്യാന്തരമത്സരംകൂടിയാണിത്.