പാലക്കാട് മഴ കുറഞ്ഞതിനാൽ ജില്ല തീവ്ര വരൾച്ചയിലേക്കു പോകുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, വരൾച്ചാ പ്രതിരോധത്തിന്റെ ഭാഗമായി കലക്ടർ ഡോ.എസ്.ചിത്രയുടെ അധ്യക്ഷതയിൽ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.
ജല സംരക്ഷണത്തിനും ജലസ്രോതസ്സുകൾ വൃത്തിയാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കാൻ കലക്ടർ വിവിധ വകുപ്പുകൾക്കു നിർദേശം നൽകി. മഴവെള്ളം സംഭരിക്കുന്നതിനു മഴക്കുഴികൾ, പുരപ്പുറ മഴവെള്ള സംഭരണികൾ എന്നിവ ഉപയോഗിക്കാനും തീരുമാനിച്ചു. ഉപേക്ഷിക്കപ്പെട്ട ക്വാറികളിൽ ഉൾപ്പെടെ വെള്ളം സംഭരിക്കുന്നതും പരിശോധിക്കും.ചോർച്ച മൂലം ജലം നഷ്ടപ്പെടുന്നതു തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കും. മൈനർ ഇറിഗേഷൻ തടയണ ഷട്ടറുകളുടെ അറ്റകുറ്റപ്പണി ഉടൻ നടത്താനും താൽക്കാലികമായി തടയണകൾ നിർമിക്കാമോ എന്നു പരിശോധിക്കാനും കലക്ടർ നിർദേശിച്ചു. ഇറിഗേഷൻ വകുപ്പ് കനാലുകൾ വൃത്തിയാക്കുന്ന പ്രവൃത്തികൾ ഏറ്റെടുക്കണം. കൃഷി വകുപ്പ് കാർഷിക കുളങ്ങളുടെ നിലവിലെ സ്ഥിതിവിവരം ശേഖരിച്ചു റിപ്പോർട്ട് സമർപ്പിക്കണം. കാർഷിക ആവശ്യങ്ങൾക്കു ജലം ഉപയോഗിക്കുന്നതു സംബന്ധിച്ചു കർഷകർക്കു ബോധവൽക്കരണം നൽകണം.
പൊതു കുളങ്ങൾ വൃത്തിയാക്കും
3 വർഷത്തിനിടെ തൊഴിലുറപ്പു പദ്ധതി വഴി വൃത്തിയാക്കിയ 440 കുളങ്ങളുടെ നിലവിലെ സ്ഥിതി പരിശോധിച്ച് 10നകം ജില്ലാ പ്രോജക്ട് ഓഫിസർ റിപ്പോർട്ട് നൽകണം. വാർഷിക പ്ലാനിൽ മാറ്റം വരുത്തി ജലസംരക്ഷണ പ്രവർത്തനങ്ങളും ജലസ്രോതസ്സുകളുടെ ശുചീകരണ പ്രവർത്തനങ്ങളും നിലവിൽ ഏറ്റെടുക്കാമോ എന്നു പരിശോധിക്കാനും നിർദേശിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ് പഞ്ചായത്ത് കുളങ്ങൾ, പൊതു കുളങ്ങൾ എന്നിവ അടിയന്തരമായി ശുചീകരിക്കണം. ജില്ലയിലുള്ള 600 കിയോസ്കുകൾ ജലസംരക്ഷണത്തിന് ഉപയോഗിക്കാം. ജല അതോറിറ്റി, ജൽ ജീവൻ മിഷൻ, ജലനിധി എന്നിവ കമ്മിഷൻ ചെയ്യാനിരിക്കുന്ന പദ്ധതികൾ ഉടൻ പൂർത്തീകരിക്കണം. രണ്ടു മാസത്തിനകം പരമാവധി കണക്ഷൻ നൽകണം. പൈപ്പ് പൊട്ടി ജലനഷ്ടമുണ്ടാകുന്നത് എത്രയും വേഗം പരിഹരിക്കണം.
അനാവശ്യമായി വെള്ളം പാഴാക്കരുത്
ജലസംരക്ഷണം സംബന്ധിച്ചു സ്കൂൾ വിദ്യാർഥികൾക്ക് അവബോധം നൽകുന്നതിനുള്ള പരിപാടികൾ ആസൂത്രണം ചെയ്യാൻ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദേശം നൽകി. ജലസംരക്ഷണത്തിനു പുറമേ മഴവെള്ള സംഭരണികളുടെ പ്രാധാന്യത്തെ കുറിച്ചും ബോധവൽക്കരണം നടത്തണം.കലക്ടർ നിർദേശിച്ചു. മലമ്പുഴ കനാൽ വഴിയുള്ള ജലവിതരണം രണ്ട് ദിവസം കൂടി നീട്ടിയതായി അസിസ്റ്റന്റ് എൻജിനീയർ യോഗത്തിൽ അറിയിച്ചു. നിലവിൽ 28% വെള്ളമാണു മലമ്പുഴ ഡാമിലുള്ളത്. മംഗലം ഡാമിൽ 69% പോത്തുണ്ടി ഡാമിൽ 37 % വെള്ളം ഉണ്ട്.