തമിഴ് ചലച്ചിത്ര താരം അശോക് സെൽവൻ വിവാഹിതനായി. നടി കീർത്തി പാണ്ഡ്യനാണ് വധു. ഇന്ന് രാവിലെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.
വിവാഹ ചിത്രങ്ങൾ അശോക് സെൽവൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അടുത്ത ഞായറാഴ്ച്ച ചെന്നൈയിൽ സിനിമാ ലോകത്തെ സുഹൃത്തുക്കൾക്കും താരങ്ങൾക്കുമായി പ്രത്യേക വിരുന്ന് നടക്കും.
തമിഴ് സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രശസ്തിയാർജിച്ച നടനാണ് അശോക് സെൽവൻ. നളൻ കുമാരസ്വാമിയുടെ സൂദ് കാവും എന്ന ചിത്രത്തിലൂടെയാണ് അശോക് സിനിമയിലെത്തുന്നത്.
പിസ്സ II: വില്ല, തെഗിടി, സില സമയങ്കളിൽ സില നേരങ്കളിൽ സില മനിദർഗൾ, പോർ തൊഴിൽ തുടങ്ങിയ ചിത്രങ്ങളിലെല്ലാം അശോക് സെൽവന്റെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നടനും നിർമാതാവും രാഷ്ട്രീയ നേതാവുമായ അരുൺ പാണ്ഡ്യന്റെ മകളാണ് കീർത്തി പാണ്ഡ്യൻ. ഹരീഷ് റാം എൽഎച്ചിന്റെ തുംബ എന്ന ചിത്രത്തിലൂടെയാണ് കീർത്തി സിനിമയിലേക്ക് എത്തുന്നത്.
ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടേയും വിവാഹം.
പാ രഞ്ജിത്ത് നിർമിക്കുന്ന പുതിയ ചിത്രത്തിൽ അശോകും കീർത്തിയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ദിനകരൻ സിവലിംഗമാണ് ചിത്രത്തിന്റെ സംവിധായകൻ