കാൻഡി: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഇന്ത്യ-പാക് പോരാട്ടത്തിൽ ആര് ജയിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. സൂപ്പർ താരനിര രണ്ട് ടീമിനൊപ്പവും ഉണ്ട്. അതുകൊണ്ടുതന്നെ ജയം നേടാൻ ഏറ്റവും ശക്തമായ പോരാട്ടം ഇരു കൂട്ടർക്കും കാഴ്ച വെക്കേണ്ടി വരും. അവസാനമായി നേർക്കുനേർ ഏറ്റുമുട്ടിയത് അവസാന ടി20 ലോകകപ്പിലാണ്.
അന്ന് ലാസ്റ്റ് ഓവർ ത്രില്ലറിൽ ഇന്ത്യക്കായിരുന്നു ജയം. ഏഷ്യാ കപ്പിലെ നേർക്കുനേർ പോരാട്ടത്തിലും മുൻതൂക്കം ഇന്ത്യക്കാണ്. എന്നാൽ ഇത്തവണ ഇന്ത്യ തോൽക്കും. ഇത് പറയാൻ ഒരു പ്രധാന കാരണമുണ്ട്. അത് എന്താണെന്ന് പരിശോധിക്കാം. ഇന്ത്യ-പാക് അവസാന നാല് നേർക്കുനേർ പോരാട്ടങ്ങളുടെ ഫലമാണ് ഇത്തവണ ഇന്ത്യ തോൽക്കുമെന്ന് പറയാനുള്ള കാരണം. 2021ൽ നേർക്കുനേർ എത്തിയപ്പോൾ ഇന്ത്യയെ പാകിസ്താൻ തോൽപ്പിച്ചു. 2022ൽ നേർക്കുനേർ എത്തിയപ്പോൾ ഇന്ത്യ വിജയം തിരിച്ചുപിടിച്ചു.
2022ൽ രണ്ടാം തവണ ഏറ്റുമുട്ടിയപ്പോൾ പാകിസ്താനായിരുന്നു ജയം. ഇതേ വർഷം മൂന്നാം തവണ നേർക്കുനേർ എത്തിയപ്പോൾ ഇന്ത്യ ജയിച്ചു. അതായത് അവസാന നാല് മത്സരത്തിൽ ഇരു ടീമും രണ്ട് തവണ വീതം ജയിച്ചു. ഇത് പ്രകാരം നോക്കുമ്പോൾ അവസാന മത്സരം ജയിച്ച ഇന്ത്യ ഇത്തവണ തോൽക്കും. അവസാന നാല് മത്സരത്തിലെ കണക്കുകൾ പ്രകാരമാണ് ഈ വിലയിരുത്തൽ. ഈ ചരിത്രം മാറ്റാൻ ഇന്ത്യക്ക് സാധിക്കുമോയെന്നത് കണ്ടറിയണം.
ടോസ് മത്സരത്തിൽ നിർണ്ണായകമാവും. ടോസ് നേടുന്ന ടീം ജയിക്കുമെന്നതാണ് അവസാനത്തെ നാല് മത്സരത്തിലെ ഫലം
വ്യക്തമാക്കുന്നത്. 2021ൽ ഇന്ത്യ തോറ്റ മത്സരത്തിൽ ടോസ് ഭാഗ്യം പാകിസ്താനായിരുന്നു. ഇന്ത്യയെ ബാറ്റിങ്ങിനയച്ച പാകിസ്താൻ 10 വിക്കറ്റിന്റെ ജയം നേടുകയായിരുന്നു. 2022ൽ ആദ്യം നേർക്കുനേർ എത്തിയപ്പോൾ ഇന്ത്യ ടോസ് നേടുകയും മത്സരം ജയിക്കുകയും ചെയ്തു. രണ്ടാം തവണ നേർക്കുനേർ എത്തിയപ്പോൾ ഇന്ത്യക്ക് ടോസ് നഷ്ടമായി.മത്സരം ഇന്ത്യ തോൽക്കുകയും ചെയ്തു. അവസാനമായി നേർക്കുനേർ എത്തിയപ്പോൾ ടോസ് ഭാഗ്യം ഇന്ത്യക്കായിരുന്നു. പാകിസ്താനെ ആദ്യം ബാറ്റിങ്ങിനയച്ച ഇന്ത്യ റൺസ് പിന്തുടർന്നാണ് ജയിച്ചത്. അതുകൊണ്ടുതന്നെ വീണ്ടും നേർക്കുനേർ എത്തുമ്പോൾ ടോസ് മത്സരത്തിൽ നിർണ്ണായകമാവും. ഇത്തവണ പാകിസ്താൻ ടോസ് നേടിയാൽ ആദ്യം ബാറ്റ് ചെയ്യാനാണ് സാധ്യത. സമ്മർദ്ദമില്ലാതെ ആദ്യം ബാറ്റ് ചെയ്ത് ഭേദപ്പെട്ട സ്കോർ നേടാനാവും പാകിസ്താൻ ശ്രമിക്കുക.പാകിസ്താന്റെ ബൗളിങ് കരുത്താണ് ശക്തം. മികച്ച സ്കോർ നേടാനായാൽ ഷഹീൻ ഷാ അഫ്രീദി, ഹാരിസ് റഊഫ്, നസീം ഷാ പേസ് കൂട്ടുകെട്ട് ഇന്ത്യയെ വിറപ്പിക്കുമെന്നുറപ്പ്. ഇന്ത്യയുടെ ടോപ് ഓഡറിന് ഷഹീനെ നേരിടുകയെന്നത് വലിയ വെല്ലുവിളിയാണ്. ഇടം കൈ പേസർമാരെ നേരിടാൻ ഇന്ത്യയുടെ പല ബാറ്റ്സ്മാൻമാർക്കും പ്രയാസമാണ്. ഷഹീൻ ന്യൂബോളിൽ സ്വിങ്ങിങ് യോർക്കറുകളുമായി വിറപ്പിക്കാൻ കെൽപ്പുള്ളവനാണ്.
തുടർച്ചയായി സ്റ്റംപിന് ആക്രമിക്കുന്ന ഷഹീനെ കരുതലോടെ കളിക്കാത്ത പക്ഷം സ്റ്റംപ് തെറിക്കാനും എൽബിയിൽ കുടുങ്ങാനുമുള്ള സാധ്യതയാണ് കൂടുതൽ. അതുകൊണ്ടുതന്നെ ഇന്ത്യ കരുതി ഇറങ്ങണം. ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടിന്റെ പ്രകടനം നിർണ്ണായകമാവും. രോഹിത് ശർമ, ശുബ്മാൻ ഗിൽ ഓപ്പണിങ് കൂട്ടുകെട്ട് മികവുകാട്ടാത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങൾ കടുപ്പമായിരിക്കുമെന്ന് നിസംശയം പറയാം. മധ്യ ഓവറുകളിൽ ഷദാബ് ഖാന്റെ സ്പിൻ മികവും ഇന്ത്യക്ക് തലവേദനയാവും.
ശ്രീലങ്കയിലാണ് മത്സരമെന്നതിനാൽ സ്പിന്നർമാർക്ക് നിർണ്ണായക സ്ഥാനമാണുള്ളത്. ഇന്ത്യ-പാക് മത്സരം മഴ മുടക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു. ശക്തമായ മഴ പെയ്യുകയും മത്സരം 20 ഓവറിലേക്ക് ചുരുങ്ങുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ ഇന്ത്യയെക്കാൾ മുൻതൂക്കം പാകിസ്താനുണ്ടാവുമെന്നുറപ്പ്. നേപ്പാളിനെ തകർത്തടുക്കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യയെ നേരിടാൻ പാക്ടീം വരുന്നത്.