ന്യൂഡൽഹി: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. കെ.എൽ രാഹുലും ശ്രേയസ് അയ്യരും പ്രസിദ് കൃഷ്ണയും ടീമിൽ തിരിച്ചെത്തിയപ്പോൾ റിസർവിലാണ് മലയാളി താരം സഞ്ജു സാംസണിന്റെ സ്ഥാനം. കഴിഞ്ഞ മാസം വെസ്റ്റിൻഡീസ് പര്യടനത്തിലൂടെ ദേശീയകുപ്പായത്തിൽ അരങ്ങേറ്റം കുറിച്ച തിലക് വർമയും ടീമിൽ ഇടംകണ്ടെത്തിയിട്ടുണ്ട്.
18 അംഗ സംഘത്തെയാണ് ബി.സി.സി.ഐ സെലക്ഷൻ സമിതി തലവൻ അജിത് അഗർക്കർ പ്രഖ്യാപിച്ചത്. ശ്രേയസ് അയ്യരും കെ.എൽ രാഹുലും ഏറെനാളായി ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ റിഹാബ് ക്യാംപിലായിരുന്നു. ഇതിൽ അയ്യർ പൂർണ ഫിറ്റ്നെസ് തിരിച്ചെടുത്തിട്ടുണ്ടെന്ന് അഗർക്കർ അറിയിച്ചു. രാഹുലിന് മറ്റു ചില പരിക്കുകളുണ്ട്. ഇതിനാലാണ് റിസർവ് ആയി സഞ്ജുവിനെ കൂടി ഉൾപ്പെടുത്തിയതെന്നും അദ്ദേഹം സൂചിപ്പിച്ചു.ഏറെനാളായി ടീമിനു പുറത്തുള്ള മുഹമ്മദ് ഷമിയും തിരിച്ചെത്തിയിട്ടുണ്ട്. ഷർദുൽ താക്കൂർ ഓൾറൗണ്ടറായും ടീമിൽ ഇടംപിടിച്ചു. വിശ്രമം നൽകിയ മുഹമ്മദ് സിറാജും ടീമിലുണ്ട്. ആർ. അശ്വിനും യുവേന്ദ്ര ചഹലും ടീമിൽനിന്നു പുറത്താണെന്നതാണ് ഏറെ ശ്രദ്ധേയം. കുൽദീപ് യാദവാണ് ടീമിലെ ഏക സ്പെഷലിസ്റ്റ് സ്പിന്നർ. രവീന്ദ്ര ജഡേജയും അക്സർ പട്ടേലും ഓൾറൗണ്ടിങ് സ്പിന്നർമാരായി ടീമിലുണ്ട്. ഏറെക്കുറെ ഇതേ ടീമിൽനിന്നു തന്നെയാകും ലോകകപ്പ് സംഘത്തെയും തിരഞ്ഞെടുക്കുകയെന്നും ചീഫ് സെലക്ടർ വ്യക്തമാക്കിയിട്ടുണ്ട്.ഇന്ത്യൻ സ്ക്വാഡ്: രോഹിത് ശർമ(ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ഇഷൻ കിഷൻ(വിക്കറ്റ് കീപ്പർ), വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ(വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ഷർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ. റിസർവ്: സഞ്ജു സാംസൺ.