മുംബൈ: ഐപിഎല്ലിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. എട്ടു വർഷത്തെ നീണ്ട ഇടവേളക്കുശേഷമാണ് മിച്ചൽ സ്റ്റാർക്ക് ഐപിഎൽ ലേലലത്തിനെത്തുന്നത്. അടുത്തവർഷത്തെ ഐപിഎൽ ലേലത്തിൽ താൻ പങ്കെടുക്കുമെന്ന് സ്റ്റാർക്ക് വില്ലോ ടോക് ക്രിക്കറ്റ് പോഡ്കാസ്റ്റിൽ പറഞ്ഞു.
2015ലാണ് സ്റ്റാർക്ക് ഐപിഎല്ലിൽ അവസാനമായി കളിച്ചത്. അടുത്ത വർഷം ജൂണിൽ വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി ടി20 ലോകകപ്പ് നടക്കുന്നതിനാൽ ഇതിനുള്ള മികച്ച മുന്നൊരുക്കമാവും ഐപിഎല്ലെന്നാണ് സ്റ്റാർക്കിന്റെ നിലപാട്. 2014ലും 2015ലും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിച്ചിട്ടുള്ള സ്റ്റാർക്ക് 27 മത്സരങ്ങളിൽ 34 വിക്കറ്റെടുത്തിട്ടുണ്ട്. 2018ലെ ഐപിഎൽ ലേലത്തിൽ പങ്കെടുത്ത സ്റ്റാർക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായെങ്കിലുംഒരു മത്സരം പോലും കളിക്കാതെ പരിക്ക മൂലം പിൻമാറിയിരുന്നുഓസ്ട്രേലിയൻ ക്രിക്കറ്റിൽ തിരക്ക് കുറഞ്ഞ സീസണാണെന്നും ജൂണിൽ ടി20 ലോകകപ്പ് നടക്കുന്നതിനാൽ ഐപിഎൽ മികച്ച മുന്നൊരുക്കമാകുമെന്നുംഅതുകൊണ്ടുതന്നെ ഐപിഎൽ ലേലത്തിൽ പങ്കെടുക്കുമെന്നും സ്റ്റാർക്ക് പറഞ്ഞു. അതേസമയം, സ്റ്റാർക്ക് ഐപിഎല്ലിൽ കളിക്കുമെന്ന് വ്യക്തമാക്കിയതോടെ ആരാധകരും ആവേശത്തിലാണ്. മിച്ചൽ സ്റ്റാർക്കും ജോഫ്ര ആർച്ചറും ജസ്പ്രീത് ബുമ്രയും അടങ്ങുന്ന പേസ് യം എതിരാളികളെ ഞെട്ടിക്കുമെന്നാണ് മുംബൈ ഇന്ത്യൻസ് ആരാധകർ പറയുന്നത്.ആർസിബിക്കൊപ്പം ഓസീസ് പേസർ ജോഷ് ഹേസൽവുഡും രാജസ്ഥാനൊപ്പം ട്രെന്റ് ബോൾട്ടും ഉള്ളതുപോലെ സ്റ്റാർക്ക് വന്നാൽ ഏത് ടീമിന്റെയും ബൗളിംഗ് കുന്തമുനയാകുമെന്നും ആരാധകർ പറയുന്നു. സ്റ്റാർക്കിനെ മുംബൈ ജേഴ്സിയിൽ കാണാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യവുമായി മുംബൈ ഇന്ത്യൻസ് തന്നെ രംഗത്തെത്തുകയും ചെയ്തു. പരിക്കുണ്ടായിട്ടും ജോഫ്ര ആർച്ചറെ ടീമിലെത്തിച്ചതുപോലെ മുംബൈ സ്റ്റാർക്കിനായും രംഗത്തെത്തുമെന്നാണ് ആരാധകർ കരുതുന്നത്.