നീണ്ട കാത്തിരിപ്പിനൊടുവിൽ, ഭാരതീയരുടെ എല്ലാ പ്രതീക്ഷകളും പ്രാർഥനകളുമായി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങി അഭിമാനദൗത്യമായ ചന്ദ്രയാൻ 3. ലോകത്തിന്റെ മുഴുവൻ ശ്രദ്ധ ചന്ദ്രന്റെ ദക്ഷിണധ്രുവം നേടിക്കൊണ്ടിരുന്ന കാലയളവായിരുന്നു ഇത്. അപൂർവമായ ഒരു ബഹിരാകാശ ഓട്ടമത്സരത്തിനും ഈ ദിനങ്ങളിൽ അരങ്ങുണർന്നു. ഇന്ത്യയുടെ ലാൻഡറായ ചന്ദ്രയാൻ 3, റഷ്യയുടെ ലാൻഡറായ ലൂണ 25 എന്നിവയിലേത് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമിറങ്ങുമെന്നായിരുന്നു ചോദ്യം.ലൂണ 24 പരാജയപ്പെട്ടു ചന്ദ്രനിൽ തകർന്നുവീണു.ഇതോടെ വലിയ ലോക മാധ്യമശ്രദ്ധ ചന്ദ്രയാൻ ദൗത്യത്തിനു വന്നുചേർന്നു.ഒരുമാസത്തിലേറെ നീണ്ട പ്രയാണത്തിനൊടുവിലാണ് ചന്ദ്രയാന്റെ ലക്ഷ്യപൂർത്തീകരണം. ഈ ദൗത്യത്തിന്റെ തുടക്കം മുതലുള്ള പ്രധാനസംഭവങ്ങളൊന്നു നോക്കാം.∙ജൂലൈ ആറിനാണ് ചന്ദ്രയാന്റെ വിക്ഷേപണം സംബന്ധിച്ച പ്രഖ്യാപനം ഐഎസ്ആർഒ നടത്തിയത്. ജൂലൈ 7ന് എല്ലാ വൈദ്യുത പരിശോധനകളും പൂർത്തീകരിച്ചു. 11ന് 24 മണിക്കൂർ ലോഞ്ച് റിഹേഴ്സൽ വിജയകരമായി പൂർത്തിയാക്കി.ജൂലൈ 14ന് ഐഎസ്ആർഒയുടെ കരുത്തൻ റോക്കറ്റായ എൽവിഎം3 എം4 ചന്ദ്രയാൻ 3നെ ആദ്യ ലക്ഷ്യമായ ഭ്രമണപഥത്തിലെത്തിച്ചു. 15ന് ആദ്യ ഭ്രമണപഥമുയർത്തൽ നടത്തി. 41762 x 173 കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് ദൗത്യമെത്തി∙17ന് രണ്ടാമത്തെ ഭ്രമണപഥമുയർത്തൽ നടന്നു. 41603 x 226 കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് ദൗത്യമെത്തി. 22ന് ഭ്രമണപഥമുയർത്തൽ പെരിഗ്രീ ഫയറിങ് എന്നീ പ്രവർത്തനങ്ങൾ നടക്കുകയും ചന്ദ്രയാൻ 3 71351 x 233 കിലോമീറ്റർ ഭ്രമണപഥത്തിൽ പ്രവേശിക്കുകയും ചെയ്തു. ജൂലൈ 25ന് മറ്റൊരു ഭ്രമണപഥമുയർത്തൽ കൂടി നടന്നു.ഓഗസ്റ്റ് ഒന്നിന് നിർണായകമായ ഒരു ഘട്ടം നടന്നു. 288 x 369328 കിലോമീറ്റർ ട്രാൻസ്‌ലൂണർ ഭ്രമണപഥത്തിലേക്ക് ചന്ദ്രയാൻ 3 പ്രവേശിച്ചു. അഞ്ചിനാണ് ചന്ദ്രന്റെ ഭ്രമണപഥങ്ങളിലൊന്നിലേക്ക് ദൗത്യം പ്രവേശിക്കുന്നത്.164 x 18074 കിലോമീറ്റർ ഭ്രമണപഥം. ഓഗസ്റ്റ് 6ന് 170 x 4,313 കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് ദൗത്യം എഓഗസ്റ്റ് 9ന് 174 x 1437 കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് പേടകം താഴ്ന്നു. 14ന് 151 x 179 കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് പേടകം താഴ്ന്നു.16ന് 153x163 എന്ന ഭ്രമണപഥത്തിലേക്ക് ഫയറിങ്ങിനു ശേഷം പേടകം കയറി. 17ന് സുപ്രധാനമായ ഘട്ടം നടന്നു. വിക്രം ലാൻഡറും റോവറും അടങ്ങുന്ന ലാൻഡർ മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നു വേർപെട്ടു.
.18ന് ഡീ ബൂസ്റ്റിങ്. 113 x 157 കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് ദൗത്യം താഴ്ന്നു. ഓഗസ്റ്റ് 20ന് അവസാന ഡീബൂസ്റ്റിങ്ങും നടത്തി 25 x 134 കിലോമീറ്റർ എന്ന അന്തിമഭ്രമണപഥത്തിലേക്കെത്തി.
∙ചന്ദ്രയാൻ 3 ലാൻഡർ മൊഡ്യൂൾ ചന്ദ്രനിൽ ഇറങ്ങി. 23നു വൈകിട്ട് 6.03നായിരുന്നു ലാൻഡിങ്.