എക്സിൽ (ട്വിറ്റർ) ഉടമ ഇലോൺ മസ്ക് കൊണ്ടുവരാൻ പോകുന്ന മാറ്റങ്ങളാണിപ്പോൾ സോഷ്യൽ മീഡിയിലെ ചർച്ചാവിഷയം. സമീപഭാവിയിൽ തന്നെ എക്സ്
ഉപയോഗിക്കുന്ന എല്ലാവരും അത് ഉപയോഗിക്കുന്നതിന് ചെറിയ പ്രതിമാസ ഫീസ് നൽകേണ്ടിവരുമെന്ന് അദ്ദേഹം സൂചന നൽകി. അതായത്, സൗജന്യമായുള്ള ഉപയോഗം വൈകാതെ തന്നെ സാധ്യമല്ലാതെ വരും. ബോട്ടുകൾ എന്നറിയപ്പെടുന്ന വ്യാജ അക്കൗണ്ടുകളുടെ പ്രശ്നം പരിഹരിക്കാനാണ് പുതിയ നീക്കമെന്നാണ് റിപ്പോർട്ടുകൾ.
സിഎൻബിസി റിപ്പോർട്ട് പ്രകാരം, എക്സിൽ ഈടാക്കാൻ പോകുന്ന ഫീസ് എത്രയായിരിക്കുമെന്നോ ഉപയോക്താക്കൾക്ക് ഇത് അടയ്ക്കുന്നതിലൂടെ എന്തൊക്കെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നോ മസ്ക് വ്യക്തമാക്കിയിട്ടില്ല.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള സംഭാഷണത്തിനിടെ, X-നെ കുറിച്ചുള്ള ചില കണക്കുകളും മസ്ക് വെളിപ്പെടുത്തി. ഇപ്പോൾ X-ന് 550 ദശലക്ഷം ഉപയോക്താക്കളുണ്ടെന്നും അവർ പ്രതിമാസം പ്ലാറ്റ്ഫോം ഉപയോഗിക്കുകയും എല്ലാ ദിവസവും 100 മുതൽ 200 ദശലക്ഷം വരെ പോസ്റ്റുകൾ പങ്കുവെക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
എന്നാൽ ഈ ഉപയോക്താക്കളിൽ എത പേരാണ് യഥാർത്ഥ ആളുകളെന്നും എത്ര ബോട്ടുകളുണ്ടെന്നുമുള്ള വിവരങ്ങൾ മസ്ക് വ്യക്തമാക്കിയിട്ടില്ല. കൂടാതെ, അദ്ദേഹം ഏറ്റെടുക്കുന്നതിന് മുമ്പ് ട്വിറ്ററിലുണ്ടായിരുന്ന യൂസർമാരുടെ എണ്ണവുമായി താരതമ്യം ചെയ്യുകയും ചെയ്തില്ല.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള നൂതന സാങ്കേതികവിദ്യയുടെ
അപകടസാധ്യതകളെക്കുറിച്ചും അത് എങ്ങനെ നിയന്ത്രിക്കണം എന്നതിനെക്കുറിച്ചും ചർച്ച ചെയ്യലായിരുന്നു നെതന്യാഹുവുമായുള്ള മസ്കിന്റെ കൂടിക്കാഴ്ചയുടെ പ്രാഥമിക ലക്ഷ്യം. എന്നാൽ, X അതിന്റെ പ്ലാറ്റ്ഫോമിൽ വിദ്വേഷ പ്രസംഗത്തെയും യഹൂദ വിരുദ്ധതയെയും അനുവദിക്കുന്നു എന്ന വിമർശനത്തെ അഭിസംബോധന ചെയ്യാനും മസ്ക് അവസരം ഉപയോഗിച്ചു.