ദോഹ: ജിസിസിയിലെ എല്ലാ രാജ്യങ്ങളുമായും അമേരിക്കക്ക് മികച്ച ബന്ധമാണ്. മേഖലയിൽ അമേരിക്ക വെല്ലുവിളി നേരിടുന്ന വേളയിൽ മധ്യസ്ഥ ചർച്ചയ്ക്ക് മുൻകൈയ്യെടുക്കുന്ന രാജ്യമാണ് ഖത്തർ. അഫ്ഗാനിൽ നിന്ന് 20 വർഷത്തെ അധിനിവേശം മതിയാക്കി മടങ്ങാൻ അമേരിക്കൻ സൈന്യത്തിന് വഴിയൊരുക്കിയത് ഖത്തർ ഭരണകൂടമായിരുന്നു. പിന്നീടുള്ള ഒഴിപ്പിക്കലിന് ചുക്കാൻ പിടിച്ചതും ഖത്തർ തന്നെ.
അമേരിക്കയും അഫ്ഗാനും തമ്മിലുള്ള അസ്വാരസ്യങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ച നടന്നതും ഖത്തറിലാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ചർച്ച നടന്നതും ഖത്തറിൽ തന്നെ. സൗദിയും ഇറാനും തമ്മിലുള്ള ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ഖത്തർ അറിയിച്ചിരുന്നു എങ്കിലും ചൈനയുടെ നീക്കമാണ് ഇക്കാര്യത്തിൽ വിജയം കണ്ടത്.
അമേരിക്കയും ഇറാനും തമ്മിൽ ഏറെ നാളായി അനുരജ്ഞന ചർച്ച നടന്നുവരികയാണ്. ഇരുരാജ്യങ്ങളും ഏകദേശ ധാരണയിലെത്തുകയും ചെയ്തു. അമേരിക്ക തടവിലാക്കിയ അഞ്ച് ഇറാൻകാരെ വിട്ടയക്കാമെന്നാണ് ധാരണ. പകരം ഇറാൻ തടവിലാക്കിയ അഞ്ച് അമേരിക്കക്കാരെയും വിട്ടയക്കും. ഇതിന് പുറമെയാണ് 600 കോടി ഡോളർ കൂടി വിട്ടുകൊടുക്കുന്നത്.
അമേരിക്കൻ തടവുകാരെ കൈമാറുന്നതിന് പകരമായിട്ടാണ് 600 കോടി ഡോളർ വിട്ടുകൊടുക്കുന്നത് എന്നാണ് യുഎസ് മാധ്യമങ്ങളിലെ വാർത്ത. എന്നാൽ ഇറാൻ അധികൃതർ ഇക്കാര്യം തള്ളുന്നു. പണം വിട്ടു തരുന്നതും തടവുകാരെ കൈമാറുന്നതും തമ്മിൽ ബന്ധമില്ല എന്നാണ് ഇറാൻ ഉദ്യോഗസ്ഥർ പറയുന്നത്. ഉപരോധത്തിൽ ചില ഇളവ് നൽകിയാണ് അമേരിക്ക വിട്ടുവീഴ്ച ചെയ്യുന്നത്.
ഇറാൻ ആണവായുധം നിർമിക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ചാണ് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചത്. ഇതോടെ ഇറാന് അന്താരാഷ്ട്ര ഇടപാടുകൾ നടത്താൻ സാധിക്കാതെ വന്നു. എണ്ണ വിൽപ്പന നടത്തിയ വകയിൽ കിട്ടേണ്ട കോടികൾ വിദേശരാജ്യങ്ങളിൽ കെട്ടിക്കിടന്നു. ഈ തുക ഇറാന് കൈമാറാൻ വിദേശരാജ്യങ്ങൾക്ക് വഴിയുണ്ടായിരുന്നില്ല.
ഇറാനിൽ നിന്ന് എണ്ണ വാങ്ങിയതിന്റെ ഭാഗമായി ദക്ഷിണ കൊറിയ നൽകാനുള്ളത് കോടികളാണ്. ഇതിൽ നിന്ന് 600 കോടി ഡോളറാണ് ഇപ്പോൾ ഇറാന് നൽകാൻ പോകുന്നത്. ഇറാനുമായി സാമ്പത്തിക ഇടപാട് നടത്തുന്നത് നേരത്തെ അമേരിക്ക വിലക്കിയിരുന്നു. ഇതിൽ ഇപ്പോൾ ഇളവ് പ്രഖ്യാപിച്ച് ഉത്തരവിറക്കിയെന്നാണ് വാർത്ത.
ഇതോടെ ദക്ഷിണ കൊറിയക്ക് പണം ഇറാന് കൈമാറാൻ സാധിക്കും. എങ്കിലും മൂന്നാമതൊരു രാജ്യത്തിന്
കൈമാറാമെന്നാണ് ചർച്ചയിലെ ധാരണ. ഇതുപ്രകാരം ദക്ഷിണ കൊറിയയിൽ നിന്നുള്ള 600 കോടി ഡോളർ ഖത്തറിന്റെ കേന്ദ്ര ബാങ്കിലേക്കാണ് മാറ്റുക. ഇറാന് ഈ ബാങ്കിൽ നിന്ന് പണം പിൻവലിക്കാം. തുക ആയുധ നിർമാണത്തിന് ഉപയോഗിക്കാൻ പാടില്ല എന്നാണ് വ്യവസ്ഥ.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഇറാൻ. ഈ വേളയിൽ 600 കോടി ലഭിക്കുന്നത് വലിയ ആശ്വാസമാകും. ഇതിന് വഴിയൊരുക്കിയത് ഖത്തറിന്റെ ഇടപെടലാണ്. മരുന്ന്, ഭക്ഷണം തുടങ്ങിയ ആവശ്യങ്ങൾക്ക് ഈ പണം വിനിയോഗിക്കാൻ ഖത്തർ അനുവദിക്കും. വിദേശരാജ്യങ്ങൾ മരവിപ്പിച്ച പണം ഇനിയുമുണ്ടെന്നും അതും വിട്ടു നൽകണമെന്നുമാണ് ഇറാന്റെ ആവശ്യം.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഇറാൻ. ഈ വേളയിൽ 600 കോടി ലഭിക്കുന്നത് വലിയ ആശ്വാസമാകും. ഇതിന് വഴിയൊരുക്കിയത് ഖത്തറിന്റെ ഇടപെടലാണ്. മരുന്ന്, ഭക്ഷണം തുടങ്ങിയ ആവശ്യങ്ങൾക്ക് ഈ പണം വിനിയോഗിക്കാൻ ഖത്തർ അനുവദിക്കും. വിദേശരാജ്യങ്ങൾ മരവിപ്പിച്ച പണം ഇനിയുമുണ്ടെന്നും അതും വിട്ടു നൽകണമെന്നുമാണ് ഇറാന്റെ ആവിശ്യം.