ന്യൂദൽഹി- ദേശീയ കറൻസികളിൽ വ്യാപാരം നടത്തുന്നത് സംബന്ധിച്ച് ഇന്ത്യയും സൗദിയും തമ്മിൽ ചർച്ചകൾ ആരംഭിച്ചതായും ഇതിനായുള്ള നിർദേശങ്ങൾ കൈമാറിയതായും വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ഔസാഫ് സഈദ് അറിയിച്ചു. നിർദേശം ഇപ്പോൾ ചർച്ചാ ഘട്ടത്തിൽ മാത്രമാണ്.
നിർദേശങ്ങളും ആശയ കുറിപ്പുകളും കൈമാറ്റം ചെയ്യപ്പെട്ടു. മേഖലയിലെ മറ്റ് രാജ്യങ്ങളുമായി ഇന്ത്യ സമാനമായ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് സൗദി അധികൃതർക്ക് അറിയാം. അതിനാൽ, സജീവ ചർച്ചകൾ നടക്കും- ഔസാഫ് സഈദ് പറഞ്ഞു.
സമീപകാലത്തായി അന്താരാഷ്ട്ര ഇടപാടുകളിൽ ദേശീയ കറൻസിയായ ഇന്ത്യൻ രൂപയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ കാര്യമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.
22 രാജ്യങ്ങളിൽ നിന്നുള്ള ബാങ്കുകളുമായി സഹകരിച്ച്, ദേശീയ കറൻസികളുടെ വ്യാപാരം സുഗമമാക്കുന്നതിന് ഭ്യന്തര ബാങ്കുകളിൽ ഇന്ത്യ പ്രത്യേക രൂപ വോസ്ട്രോ അക്കൗണ്ടുകൾ സ്ഥാപിച്ചു.
ആഗോള വ്യാപാരത്തിന്റെ വിപുലീകരണം തുടരുന്ന
ഇന്ത്യ യുഎഇയുമായി ലോക്കൽ കറൻസി സെറ്റിൽമെന്റ് (എൽസിഎസ് ) സംവിധാനം സ്വീകരിച്ചത് അന്താരാഷ്ട്ര വാണിജ്യത്തിന്റെ ഗതിയെ പുനർനിർമ്മിക്കാൻ കഴിയുന്ന നൂതന വ്യാപാര സമ്പ്രദായങ്ങൾക്കുള്ള മാതൃകയാണ്.
18 രാജ്യങ്ങളിൽ നിന്നുള്ള ബാങ്കുകൾക്ക് ഇന്ത്യൻ രൂപയിൽ പേയ്മെന്റുകൾ തീർപ്പാക്കുന്നതിന് പ്രത്യേക വോസ്ട്രോ റുപ്പി അക്കൗണ്ടുകൾ (എസിആർഎ) തുറക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അനുമതി നൽകിയിട്ടുണ്ടെന്ന് സർക്കാർ നേരത്തെ രാജ്യസഭയിൽ അറിയിച്ചിരുന്നു.
ഇന്ത്യയിലെ അംഗീകൃത ഡീലർ ബാങ്കുകളെ സമീപിച്ച് പങ്കാളി രാജ്യങ്ങളിലെ ബാങ്കുകൾക്ക് എസിആർഎകൾ സ്ഥാപിക്കാമെന്ന് ബിജെപിയുടെ സുശീൽ കുമാർ മോഡിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് പറഞ്ഞു.
ജൊഹാനസർഗിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്ക് ശേഷം, ബ്രിക്സ് ചട്ടക്കൂടിനുള്ളിൽ ദേശീയ കറൻസിയിലെ വ്യാപാര സെറ്റിൽമെന്റുകളെക്കുറിച്ചുള്ള ചർച്ചകൾ വളരെ പോസിറ്റീവ് ആണെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു.
ദേശീയ കറൻസികളിലെ വ്യാപാര സെറ്റിൽമെന്റുകൾക്ക് മുന്നോടിയായി ഇന്ത്യ ഈയിടെ ശക്തമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്. യു.എ.ഇയുമായുള്ള ദിർഹം- രൂപ വ്യാപാര സെറ്റിൽമെന്റ് മെക്കാനിസത്തെക്കുറിച്ചും സെക്രട്ടറി ക്വാത്ര സംസാരിച്ചു.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് യുഎഇയുമായി ദിർഹം രൂപ വ്യാപാര സെറ്റിൽമെന്റ് സംവിധാനത്തിൽ ഒപ്പുവെച്ചത്. ഇപ്പോൾ, യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാരം ഏകദേശം 90 ബില്യൺ ഡോളറാണെന്നും ഏറെക്കുറെ ഇത് സന്തുലിതമാണെന്നും ഇരു രാജ്യങ്ങൾക്കും പുതിയ അവസരങ്ങൾ തുറക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎഇ സന്ദർശനത്തിനിടെയാണ് ലോക്കൽ കറൻസി സെറ്റിൽമെന്റ് (എൽസിഎസ് ) കരാറിൽ ഒപ്പുവെച്ചത്. നേരത്തെ, അതിർത്തി കടന്നുള്ള പ്രാദേശിക കറൻസികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചട്ടക്കൂട് സ്ഥാപിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും യുഎഇ സെൻട്രൽ ബാങ്കും തമ്മിൽ ധാരണാപത്രങ്ങൾ കൈമാറിയിരുന്നു.