സൂറിച്ച് (സ്വിറ്റ്സർലൻഡ്): വനിതാ ലോകകപ്പ് ഫൈനലിനു പിന്നാലെ സ്പാനിഷ് താരം ജെന്നിഫർ ഹെർമോസോയെ അനുവാദമില്ലാതെ ചുംബിച്ച സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ലൂയിസ് റൂബിയാലെസിനെ സസ്പെൻഡ് ചെയ്ത് ഫിഫ. ആഗോള ഫുട്ബോൾ സംഘടനയുടെ അച്ചടക്ക സമിതിയാണ് ദേശീയ അന്തർദേശീയ തലത്തിൽ ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും റൂബിയാലെസിനെ താത്കാലികമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്.
സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റിന്റെ നടപടി കടുത്ത വിമർശനങ്ങൾക്ക് കാരണമായിരുന്നു. പിന്നാലെ രാജിവെയ്ക്കില്ലെന്ന റൂബിയാലെസിന്റെ പിടിവാശിയാണ് നടപടിയെടുക്കാൻ ഫിഫയെ പ്രേരിപ്പിച്ചതെന്നാണ് വിവരം.
'ഫിഫയുടെ പെരുമാറ്റച്ചട്ടത്തിന്റെ (എഫ്ഡിസി) ആർട്ടിക്കിൾ 51 നൽകിയിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ച് ഫിഫ അച്ചടക്ക സമിതിയുടെ ചെയർമാൻ ജോർജ്ജ് ഇവാൻ പലാസിയോ (കൊളംബിയ) മിസ്റ്റർ ലൂയിസ് റൂബിയാലെസിനെ ദേശീയ അന്തർദേശീയ തലത്തിൽ ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്ന് താത്കാലികമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു.' - എന്ന് ഫിഫയുടെ പ്രസ്താവനയിൽ പറയുന്നു.
നേരത്തേ തന്റെ അനുവാദമില്ലാതെയാണ് ലൂയിസ് റുബിയാലസ് ചുംബിച്ചതെന്ന് വ്യക്തമാക്കി ജെന്നിഫർ ഹെർമോസോ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ച വിളിച്ചുചേർത്ത സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ ജനറൽ അസംബ്ലിയിൽ രാജിവെയ്ക്കില്ലെന്ന് പ്രഖ്യാപിച്ച റൂബിയാലെസ് പരസ്പര സമ്മതത്തോടെയാണ് ഹെർമോസോയെ ചുംബിച്ചതെന്നും പരസ്യമായി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് തന്റെ അനുവാദമില്ലാതെയാണ് റൂബിയാലെസ് ചുംബിച്ചതെന്ന് താരം വ്യക്തമാക്കിയത്. സംഭവം കൂടുതൽ വഷളാക്കാതിരിക്കാൻ നല്ല സമ്മർദമുണ്ടെന്നും ഹെർമോസോ പറഞ്ഞിരുന്നു. റൂബിയാലെസിന്റെ നീക്കം ശരിക്കും ഞെട്ടിച്ചെന്നും ആരും എവിടെവച്ചും ഇത്തരം സംഭവങ്ങൾക്ക് ഇരയാകരുതെന്ന് ഉള്ളതുകൊണ്ടാണ് ഇപ്പോൾ സംസാരിക്കുന്നതെന്നും ഹെർമോസോ കുറിച്ചു.
സർക്കാരിൽ നിന്നടക്കം രാജിക്കായി സമ്മർദമേറവെ വെള്ളിയാഴ്ച ഫെഡറേഷന്റെ ജനറൽ അസംബ്ലിയിലാണ് താൻ രാജിവെക്കില്ലെന്ന് റൂബിയാലെസ് പ്രഖ്യാപിച്ചത്. രാജിവെയ്ക്കില്ലെന്ന് ജനറൽ
അസംബ്ലിയിൽ നാല് തവണയാണ് റൂബിയാലെസ് ആവർത്തിച്ചത്. കപട ഫെമിനിസ്റ്റുകളുടെ വേട്ടയാടലിന്റെ ഇരയാണ് താനെന്നും അദ്ദേഹം പറഞ്ഞു.
വിവാദ സംഭവത്തിൽ ഫിഫയുടെ അച്ചടക്ക സമിതി റൂബിയാലെസിനെതിരേ അച്ചടക്ക ലംഘനത്തിന് നടപടികളാരംഭിച്ചിരുന്നു. വനിതാ ലോകകപ്പിൽ സ്പെയ്ൻ കിരീടമുയർത്തിയതിനു പിന്നാലെ നടന്ന സമ്മാനദാന ചടങ്ങിൽവെച്ചായിരുന്നു റൂബിയാലെസ് സ്പാനിഷ് താരത്തെ
കെട്ടിപ്പിടിക്കുകയും ചുണ്ടിൽ ചുംബിക്കുകയും ചെയ്തത്. മറ്റുതാരങ്ങളെ കവിളിൽ ചുംബിക്കുകയും ചെയ്തിരുന്നു. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ, സ്പെയിൻ രാജ്ഞി ലെറ്റീഷ്യ, രാജകുമാരി സോഫിയ എന്നിവർ
നോക്കിനിൽക്കുമ്പോഴായിരുന്നു ഇത്.
റൂബിയാലെസിന്റെ പെരുമാറ്റം ഇഷ്ടമായില്ലെന്ന് ഹെർമോസോ ഇൻസ്റ്റഗ്രാമിൽ കുറിച്ചതോടെ സംഭവം വിവാദമായി. സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റിന്റെ നടപടി രാജ്യത്തിനകത്തും പുറത്തും വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
പിന്നാലെ മന്ത്രിമാർ ഉൾപ്പെടെ നിരവധി പേർ അദ്ദേഹത്തിന്റെ രാജിയാവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തു. സ്പെയ്നിലെ വനിതാ ഫുട്ബോൾ ലീഗായ ലിഗ എഫ് റൂബിയാലസിനെ പുറത്താക്കാൻ ആവശ്യപ്പെടുകയും മോശം പെരുമാറ്റത്തിനെതിരേ നാഷണൽ സ്പോർട്സ് കൗൺസിലിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. സ്ത്രീകൾ അനുദിനം അനുഭവിക്കുന്ന ലൈംഗിക അതിക്രമത്തിന്റെ ഉദാഹരണമാണിതെന്ന് സ്പെയിനിലെ മന്ത്രി ഐറിൻ മൊണ്ടെറോ പ്രതികരിച്ചു. റൂബിയാലെസിന്റെ പ്രവൃത്തി സ്പെയിനിന്റെ കിരീടനേട്ടത്തിന്റെ ശോഭ കെടുത്തിയെന്നും വിമർശനമുയർന്നു.