ഒരു നാട്ടുമാങ്ങ ചപ്പി വലിച്ചു കഴിക്കുന്ന സുഖം.... ഉള്ളിൽ നിറയുന്ന മധുരം..... തീർന്നു കഴിഞ്ഞാലും കയ്യിൽ നിന്നും വിട്ടു പോകാത്ത ആ മണം.... തീർന്നിട്ടും തീരാത്ത സന്തോഷം. അതാണ് എം.എസ്. അജോയ് കുമാറിന്റെ "അങ്ങനെ ഒരു മാമ്പഴക്കാലം' എന്ന പുസ്തകം. 13 അനുഭവ കഥകളുടെ ഒരു സമാഹാരം. വെറും 166 പേജുകൾ മാത്രമുള്ള ഒരു കുഞ്ഞിപ്പുസ്തകം.
ജോബിന്റെ അമ്മയുടെ മുന്നിൽ വാക്കുകൾ നഷ്ടപ്പെട്ട് പശ്ചാത്താപ വിവശനായിരുന്ന, അവിടെ നിന്നും തിരികെ ഗ്രൗണ്ടിലെത്തി "നമുക്ക് അഞ്ച് മിനിട്ടെങ്കിലും കളിച്ചിട്ട് പോകാം' എന്നു പറഞ്ഞ കുട്ടപ്പൻ ചേട്ടൻ വായനക്കാരുടെ ഹൃദയത്തിൽ തറയ്ക്കും. നമ്മളും പണ്ടെന്നോ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പല തെറ്റുകളും ഹൃദയത്തിൽ മുളകു തേച്ചത് പോലെ നമ്മളെയും നീറ്റുന്നു; പശ്ചാത്തപിക്കാൻ പ്രേരിപ്പിക്കുന്നു.
മമ്മൂട്ടിയുടെ വാക്കുകൾ ഓർത്തെടുത്താൽ “മാമ്പഴം' വായിച്ചിട്ട് ഒരു കുട്ടിയും പൂങ്കുല പൊഴിക്കാതെ ഇരുന്നിട്ടില്ല, അമ്മമാർ തല്ലാതെയും ഇരുന്നിട്ടില്ല എന്നാണെങ്കിൽ ഇവിടെ നേരെ തിരിച്ചാണ്. ജനാലയ്ക്കലെ കുട്ടിയെ വായിച്ചവർക്കാർക്കും ജോബിനോടു മറ്റുള്ളവർ പ്രവർത്തിച്ചതു പോലെ പ്രവർത്തിക്കാൻ ആവില്ല. വായിക്കുന്നവരുടെ ഉള്ളിൽ എപ്പോഴും ജോബ് ഒരു നൊമ്പരക്കാഴ്ചയാകുന്നു. "ഹൃദയത്തിന്റെ ജനാലയിലെ നൊമ്പരക്കാഴ്ച. വേറൊരു കഥയുമില്ലെങ്കിൽ പോലും ഇതൊന്നു മതി ഈ പുസ്തകം മികവുറ്റതാകാൻ. ഓരോ കുഞ്ഞിന്റെയും അല്ല, ഏതൊരു മനുഷ്യന്റെയും ഉള്ളിൽ അനുതാപം, കരുണ, സഹാനുഭൂതി ഇവയുടെയൊക്കെ വിത്തുകൾ പാകാൻ ഈ കഥയ്ക്കു കഴിയും ഉപ്പുമാവ് കിട്ടാത്തതു കൊണ്ടാണ് സുരേഷ് കരഞ്ഞതെന്ന് ധരിച്ച്, "ഇന്നാ...ഇന്നാ.... എന്ന് സുരേഷിന് ഉപ്പുമാവ് നീട്ടിയ ചക്ക ശശി എന്ന ശശി കുട്ടികളെ മാത്രമല്ല വലിയവരെയും ചിന്തിപ്പിക്കും. ബോധമുള്ള മനുഷ്യൻ, ബുദ്ധിയുള്ള മനുഷ്യൻ എന്നൊക്കെ അവകാശപ്പെടുന്ന നമ്മെക്കാൾ എത്രയോ മുകളിലാണവർ എന്നു കണ്ട് ഒരു ചെറു കടുകുമണിയോളം ചെറുതാകും നാം.
ഒരു മുറിവിന്റെ ഓർമയിലൂടെ കടന്നുപോകാത്തവരായി ഒരുപക്ഷേ ആരും തന്നെ കാണില്ല. കുട്ടിയായിരിക്കെ ബന്ധുക്കൾക്കൊപ്പം യാത്ര ചെയ്യാൻ കൊതിക്കാത്തവരായി... മാമ്പഴമോ മറ്റെന്തെങ്കിലും ആഹാരസാധനങ്ങളോ ഭയം സമ്മാനിക്കാത്തവരായി ആരുണ്ടാവും??? ശരിയാണ്; അദൃശ്യമായ കൈ വന്നു നൽകുന്ന ചില നുള്ളുകളാണ് പിന്നീട് നമ്മെ ഏറെക്കാലം അശക്തരാക്കുന്നത്. സത്യത്തിൽ അമ്മാവന്റെ നുള്ളിനെക്കാളേറെ നമ്മെയൊക്കെ ഭയപ്പെടുത്തിയിരുന്നത് ഇത്
അച്ഛനമ്മമാരുടെ ചെവിയിലെത്തുന്ന
നിമിഷത്തെയാണ്. കുഞ്ഞുങ്ങളിലെ
നിഷ്കളങ്കതയെ നുള്ളിക്കളയാൻ സമൂഹം പുറത്തെടുക്കുന്ന നിയമങ്ങളിലേക്കുള്ള ചൂണ്ടുപലകയാണ് ഈ മാമ്പഴക്കഥ.
മിഠായി ഭ്രാന്തന് നൽകാനാവാതെ പോയ പൊതിച്ചോറ് പോലെ നമ്മുടെ ഓരോരുത്തരുടെയും കയ്യിലുണ്ട് പല പല പൊതികൾ. അതിൽ അന്നമാകാം, സ്നേഹമാകാം, കരുതലാകാം, ഒരു കെട്ടിപ്പിടിത്തമോ മാപ്പു ചൊല്ലലോ നൽകലോ എന്തുമാകാം. എന്തായാലും മിഠായി ഭ്രാന്തന് നൽകാനാവാതെ പോയ പൊതിച്ചോറ് പോലെ അത് പാഴാകാതെ ഇത്രയും പെട്ടെന്ന് അവയൊക്കെ കൊടുത്തു തീർക്കാൻ നമ്മെ ഓർമപ്പെടുത്തുന്നു ഈ അടയാളപ്പെടുത്തലുകൾ.
ഇത്രയേറെ സങ്കടക്കഥകൾ പങ്കുവച്ചത് കൊണ്ട് ഈ പുസ്തകം നിറയെ സങ്കടക്കഥകൾ ആണെന്നു തെറ്റിദ്ധരിക്കല്ലേ. കരിമല കയറ്റം കഠിനം എന്റയ്യപ്പ എന്ന കഥയിലെ രാധയുടെ കഞ്ഞിസ്വാമിയും ടാർസൻ സിനിമയുടെ റീമേക്ക് നടത്താൻ പോയി വീട്ടിനുള്ളിൽ കട്ടിലിൽ കിടന്നിരുന്ന അമ്മയടെ മേലേക്ക് വല പൊളിചഅമ്മൂമ്മയുടെ മേലേക്ക് ഓല പൊളിച്ചു വീണ രാജുവും ഒക്കെ നമ്മെ ആവോളം രസിപ്പിക്കുന്നുണ്ട്.
എന്തിനേറെ പറയുന്നു, ഈ പുസ്തകത്തിലെ എല്ലാ കഥകളും ചിരിയും ചിന്തയും ഒരേ പരുവത്തിൽ വിളമ്പി വച്ചിരിക്കുന്ന സ്വാദിഷ്ടമായ സദ്യ തന്നെ. പണ്ടൊരിക്കൽ കൊടുക്കാനാവാഞ്ഞ, അല്ല, കൊടുത്തിട്ടും തിരികെ നൽകിയ ഒരു രൂപ മുപ്പതു പൈസയുടെ കടം പിന്നീട് രണ്ടു മസാലദോശയുടെ രൂപത്തിൽ എഴുത്തുകാരൻ കൊടുത്തു തീർത്തപ്പോൾ വയറും മനസ്സും നിറഞ്ഞ അമ്മാവന്റെ മുഖത്തു കണ്ട അതേ ചിരിയാണ്, ആ സംതൃപ്തിയാണ് ഈ പുസ്തകം വായിച്ചു കഴിയുമ്പോൾ നമ്മൾ ഓരോരുത്തരുടെയും മുഖത്തും ഹൃദയത്തിലും ബാക്കിയാവുന്നത്. കുട്ടികൾക്ക് വായിക്കാൻ പറ്റിയ നല്ല മലയാള പുസ്തകങ്ങളുടെ പട്ടികയിൽ ഇനി ഈ പുസ്തകവും ഉണ്ടാവും.