അച്ചടക്ക പ്രശ്നത്തിന്റെ പേരിൽ സസെക്സ് ക്യാപ്റ്റൻ ചേതേശ്വർ പൂജാരയെ സസ്പെന്റ് ചെയ്ത് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്. പൂജാരയ്ക്ക് സസ്പെൻഷൻ നേരിടേണ്ടി വന്നപ്പോൾ, അദ്ദേഹത്തിന്റെ ടീമായ സസെക്സിന് ഒരു സീസണിൽ നാല് നിശ്ചിത പെനാൽറ്റികളുടെ പരിധി കടന്നതിന് കൗണ്ടി ചാമ്പ്യൻഷിപ്പിൽ 12 പോയിന്റും നഷ്ടമായി.
സെപ്തംബർ 13 ന് നടന്ന ലെസ്റ്റർഷെയറിനെതിരായ മത്സരത്തിന് ശേഷം സസെക്സിന് രണ്ട് പോയിന്റ് പെനാൽറ്റി ലഭിച്ചിരുന്നു. ഇത് സീസണിൽ നേരത്തെ ലഭിച്ച രണ്ട് പോയിന്റ് പെനാൽറ്റിയുമായി ചേർക്കുകയായിരുന്നു. അതിന്റെ ഫലമായി ടീമിനെ നയിക്കുന്ന 35 കാരനായ ഇന്ത്യൻ താരത്തെ ഇസിബി സസ്പെൻഡ് ചെയ്തത്.
പൂജാരയെ കൂടാതെ ടോം ഹെയ്ൻസ്, ജാക്ക് കാർസൺ എന്നിവരെ മുൻ കളിയിലെ മോശം പെരുമാറ്റം കാരണം ഹെഡ് കോച്ച് പോൾ ഫാർബേസ് ടീമിൽ നിന്ന് പുറത്താക്കി. സസെക്സ് ക്ലബ് തന്നെ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് നിയമ പ്രകാരം മോശം പെരുമാറ്റത്തിൽ രണ്ട് താരങ്ങൾ ടീമിൽ നിന്ന് പുറത്തായാലും ക്യാപ്റ്റനും സസ്പെന്റ് ചെയ്യപ്പെടും. ഇതിനാലാണ് പൂജാരയ്ക്ക് സസ്പെൻഷന് വിധേയമാകേണ്ടി വന്നത്.
ഡെർബിഷെയറിനെതിരായ അടുത്ത മത്സരത്തിൽ പൂജാരയ്ക്ക് പകരം ടോം അൽസോപ്പിനെയാണ് സസെക്സിനെ നയിക്കുക.
നിലവിൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് പുറത്താണ് പൂജാര. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലാണ് പൂജാര അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ പൂജാരയെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല.