അർജന്റീന ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ തുടർച്ചയായ രണ്ടാം വിജയം നേടി. ഇന്നലെ ലോകത്തിൽ ഫുട്ബോൾ കളിക്കാൻ ഏറ്റവും പ്രയാസമുള്ള ബൊളീവിയയിൽ ചെന്ന് ഏകപക്ഷീയമായി വിജയം ലോകചാമ്പ്യന്മാർ നേടി. എതിരില്ലാത്ത
മൂന്നു ഗോളുകൾക്ക് ആയിരുന്നു
അർജന്റീനയുടെ വിജയം. അർജന്റീനക്ക് ഒപ്പം ഇന്നലെ മെസ്സി ഉണ്ടായിരുന്നില്ല.
ചെറിയ ക്ഷീണം അനുഭവപ്പെട്ട മെസ്സിക്ക് വിശ്രമം നൽകിയാണ് സ്കലോണി ടീമിനെ തിരഞ്ഞെടുത്തത്. മെസ്സിയുടെ അഭാവത്തിൽ ഡി മരിയ ടീമിന്റെ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞു.
മത്സരത്തിൽ 31ആം മിനുട്ടിൽ എൻസോ ഫെർണാണ്ടസിലൂടെ അർജന്റീന ലീഡ് എടുത്തു. 39ആം മിനുട്ടിൽ ബൊളീവിയൻ ഫുൾബാക്ക് റൊബേർടോ ഫെർണാണ്ടസ് ചുവപ്പ് കണ്ടതോടെ കാര്യങ്ങൾ അർജന്റീനക്ക് എളുപ്പമായി.
42ആം മിനുട്ടിൽ തഗ്ലിഫികായോയിലൂടെ അർജന്റീന ലീഡ് ഇരട്ടിയാക്കി. ആദ്യ രണ്ടു ഗോളും അസിസ്റ്റ് ചെയ്തത് ഡി മരിയ ആയിരുന്നു.
83ആം മിനുട്ടിൽ നികോ ഗോൺസാലസിലൂടെ അർജന്റീന വിജയം ഉറപ്പിച്ച മൂന്നാം ഗോളും നേടി. 2 മത്സരങ്ങൾ കഴിഞ്ഞപ്പോൾ അർജന്റീനക്ക് ഇപ്പോൾ ആറു പോയിന്റ് ആണുള്ളത്.