ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബഡനും ദില്ലിയിൽ കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ബന്ധം ദൃഢമാക്കുന്ന ചർച്ചയെന്നാണ്
പ്രധാനമന്ത്രിയുടെ ഓഫീസ് നേതാക്കളുടെ കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്. ദില്ലിയിൽ ജി 20 ഉച്ചകോടിക്ക് എത്തിയതാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ജി 20 ഉച്ചകോടി നാളെ ദില്ലിയിൽ ആരംഭിക്കും. ഏതാണ്ട് എല്ലാ നേതാക്കളും ദില്ലിയിൽ എത്തിക്കഴിഞ്ഞു.
ഇന്ത്യ അമേരിക്ക ബന്ധം ദൃഡമായി മുന്നോട്ടു
കൊണ്ടു പോകാൻ സഹകരണം ശക്തമാക്കുമെന്ന് ചർച്ചയിൽ ഇരുനേതാക്കളും വ്യക്തമാക്കി. ജൂണിൽ വാഷിംഗ്ടണിലെ ചർച്ചയിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നത് നന്നായി പുരോഗമിക്കുന്നുവെന്നും ചർച്ചയിൽ വിലയിരുത്തലുണ്ടായി. GE F - 414 ജെറ്റ് എഞ്ചിനുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നത് സംബന്ധിച്ചും ചർച്ച നടത്തി. യുദ്ധവിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും മറ്റുമായി അമേരിക്കൻ കമ്പനികൾ ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതും ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു.
അമേരിക്കയിൽ നിന്ന് ഡ്രോണുകൾ വാങ്ങുന്ന കരാറും ചർച്ചയായി. ഇരു രാജ്യങ്ങളുടെയും ഉന്നത വിദ്യാഭ്യാസ രംഗത്തെ സഹകരണവും ചർച്ച ചെയ്തു. നയതന്ത്ര കൂടിക്കാഴ്ച സംബന്ധിച്ച് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കി. ചന്ദ്രയാൻ ആദിത്യ നേട്ടങ്ങളിൽ അമേരിക്കൻ പ്രസിഡണ്ട് ഇന്ത്യയെ അഭിനന്ദിച്ചു. യു എൻ സുരക്ഷ കൗൺസിലിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനുള്ള അമേരിക്കൻ പിന്തുണ ബൈഡൻ ആവർത്തിച്ചു വ്യക്തമാക്കി.നേരത്തെ അമേരിക്കൻ പ്രഥമ വനിത ജിൽ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചതോടെ ജോ ബൈഡന്റെ യാത്ര മുടങ്ങുമോയെന്ന ആശങ്കകൾ ഉയർന്നിരുന്നു. എന്നാൽ ബൈഡന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായത് ജി 20 ഉച്ചകോടിക്ക് പോസീറ്റീവായി. ജിൽ ബൈഡന് കൊവിഡ് സ്ഥിരീകരിച്ച ശേഷമുള്ള ജോ ബൈഡന്റെ രണ്ടാം പരിശോധന ഫലവും നെഗറ്റീവായതോടെയാണ് ജി 20 ക്ക് അദ്ദേഹം എത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചത്. അടച്ചിട്ട മുറിയിൽ മാസ്ക് ധരിച്ചാകും ജോ ബൈഡൻ പങ്കെടുക്കുകയെന്നാണ് വിവരം.
അതേസമയം ഇന്ത്യ ആതിഥേയത്വം
വഹിക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാന ലോക നേതാക്കളെല്ലാം ദില്ലിയിൽ എത്തിച്ചേർന്നിട്ടുണ്ട്. സെപ്റ്റംബർ 9, 10 തീയ്യതികളിലായി രാജ്യ തലസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉച്ചകോടിയ്ക്കായുള്ള സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടെ എല്ലാഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞു. രാജ്യ തലസ്ഥാനത്തെത്തുന്ന ലോക നേതാക്കൾക്ക് കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഇന്ത്യ ഒരുക്കുന്നത്. വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്യുന്നതിന്റെ വിവരങ്ങൾ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.